90 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsആഷിഖ് ഇഖ്ബാൽ, അലംഗീർ സർദാർ, സൊഹൈൽ റാണ
കിഴക്കമ്പലം: കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാൽ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈൽ റാണ (20) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ അമ്പുനാട് ബാവപ്പടിയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒഡിഷയിൽ നിന്ന് കഞ്ചാവുമായി കാറിൽ പെരുമ്പാവൂർ ഭാഗത്തേക്ക് വരുമ്പോൾ പുക്കാട്ട് പടിയിൽ പൊലീസ് കൈകാണിച്ചെങ്കിലും ഇവർ നിർത്താതെ പോയി. തുടർന്ന് പിന്തുടർന്നാണ് അന്വേഷണ സംഘം വലയിലാക്കിയത്. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ഒഡിഷയിൽ നിന്ന് കിലോക്ക് 2000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ 25,000 രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വിലക്കാണ് വിൽപന നടത്തിയിരുന്നത്. കുറച്ചുനാളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കേരള അതിർത്തിയിൽ കടന്നതിനുശേഷം പൊലീസ് പിടികൂടാതിരിക്കുന്നതിനായി ഊടുവഴികളിലൂടെയായിരുന്നു ഇവരുടെ സഞ്ചാരമേറെയും. വിൽപന കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. അടുത്ത കാലത്തായി ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരും. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഡി.വൈ.എസ്.പി ടി.എം. വർഗ്ഗീസ്, ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ സി.എസ്. മനോജ്, വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

