ഈ ജലഗതാഗതം ഇങ്ങനെ പോരാ; ബോട്ട് സർവിസുകൾ നിലക്കുമോ എന്ന ആശങ്കയിൽ യാത്രക്കാർ
text_fieldsമട്ടാഞ്ചേരി: വെള്ളത്താൽ ചുറ്റപ്പെട്ട പടിഞ്ഞാറൻ കൊച്ചിയുടെ അന്നും ഇന്നുമുള്ള പ്രധാന ഗതാഗത മാർഗമാണ് ബോട്ട് സർവിസുകൾ. കുറഞ്ഞ യാത്രാദൈർഘ്യം, ചെറിയ നിരക്ക്, ശുദ്ധവായു ശ്വസിച്ചുള്ള യാത്ര, ഗതാഗത തടസ്സവും കുണ്ടിലും കുഴിയിലും വീഴാതെയുള്ള യാത്ര തുടങ്ങിയ സൗകര്യങ്ങളാണ് നാട്ടുകാർക്ക് ബോട്ട് യാത്രയെ പ്രിയങ്കരമാക്കിയത്.
റോഡ് ഗതാഗാത സൗകര്യം ഉടലെടുക്കും മുമ്പ് ഉണ്ടായിരുന്ന ജലഗതാഗത യാത്ര എന്ന പരമ്പരാഗത പെരുമായും ഇതിനോട് ചേർത്ത് വെക്കാവുന്നതാണ്. എന്നാൽ, നിലവിൽ ജലഗതാഗത സൗകര്യത്തിന് അധികൃതർ വേണ്ടത്ര പ്രാമുഖ്യം നൽകാത്തത് ബോട്ട് സർവിസുകൾ നിലക്കുമോ എന്ന ആശങ്ക ജനങ്ങളിൽ ഉടലെടുക്കാൻ കാരണമായിട്ടുണ്ട്.
നവീകരണത്തിനുശേഷം അടച്ച മട്ടാഞ്ചേരി ജെട്ടി
രാജ്യത്തുതന്നെ ആദ്യമായി പാസഞ്ചർ ബോട്ട് സർവിസ് ആരംഭിച്ച സ്ഥലങ്ങളിലൊന്നാണ് മട്ടാഞ്ചേരി ബോട്ട് ജെട്ടി. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഇവിടെനിന്ന് സർവിസ് ആരംഭിച്ചിരുന്നു. രാജാവിന്റെ കോവിലകത്തിന് സമീപത്ത് നിർമിച്ച ജെട്ടി എന്ന നിലയിൽ കോവിലകത്തു ജെട്ടി എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. നാട്ടുകാർ അക്കാലത്ത് സൗകര്യാർത്ഥം കോലോത്ത് ജെട്ടി എന്നും വിളിച്ചു. ലോക പൈതൃക ഭൂപടത്തിൽ ഇടംപിടിച്ച മട്ടാഞ്ചേരി സിനഗോഗ്, ഡെച്ച് പാലസ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്ന ജെട്ടി നാല് കോടി രൂപയോളം മുടക്കി നവീകരിച്ച് എട്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും ഏതാനുംദിവസം മാത്രമാണ് സർവിസ് ഉണ്ടായത്. എട്ട് മാസമായി ബോട്ട് ജെട്ടി അടച്ചിട്ടിരിക്കുകയാണ്. ഇവിടെനിന്ന് സർവിസ് പുനരാരംഭിക്കുന്ന യാതൊരു ലക്ഷണവുമില്ല. കായലിൽ എക്കൽ അടിഞ്ഞതിനാൽ ബോട്ട് അടുപ്പിക്കാൻ കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. എക്കൽ നീക്കാൻ മാത്രം മൂന്ന് കോടിയോളം ചെലവഴിച്ചതായാണ് കണക്ക്. പുതിയ സർക്കാർ വന്നിട്ടും ബോട്ട് ജെട്ടിയുടെ കാര്യം പരിഗണിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം. ദിനംപ്രതി ആയിരക്കണക്കിന് നാട്ടുകാരും ഒട്ടേറെ സഞ്ചാരികളും ആശ്രയിച്ചിരുന്ന ജെട്ടിക്കാണ് ഈ ഗതികേട്. സമീപത്ത് വാട്ടർ മെട്രോ സർവിസ് ഉണ്ടെങ്കിലും ഉയർന്ന നിരക്ക് ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് താങ്ങാനാവുന്നതല്ല.
കമാല കടവ് സർവിസ് നിലച്ചിട്ട് വർഷങ്ങൾ
വർഷങ്ങൾക്ക് മുമ്പ് ഫോർട്ടുകൊച്ചി കമാല കടവിൽനിന്ന് എറണാകുളം ജെട്ടിയിലേക്ക് ബോട്ട് സർവിസ് നടത്തിയിരുന്നു. യാത്രക്കാർക്ക്, പ്രത്യേകിച്ച് സഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമായിരുന്ന സർവിസ് കുറച്ചുമാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. ഈ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമുഹിക സന്നദ്ധ സംഘടനകൾ അധികാരികൾക്ക് കത്തയച്ചെങ്കിലും വർഷങ്ങൾ പിന്നിട്ടതോടെ ആ പ്രതീക്ഷ അറ്റു.
കസ്റ്റംസ് ജെട്ടിയിലും സർവിസ് കുറയുന്നു
ആയിരങ്ങളാണ് ഫോർട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയിൽനിന്നുള്ള ബോട്ടുകളെ ആശ്രയിക്കുന്നത്. വിദേശികളടക്കം സഞ്ചാരികളുടെ എണ്ണം ഏറെയാണ്. അടുത്ത കാലത്ത് നവീകരിച്ച ജെട്ടിയാണിത്. പക്ഷേ, ഷെഡ്യൂൾ വിശ്വസിച്ച് യാത്ര ചെയ്യാൻ പറ്റില്ലെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എം. മുഹമ്മദ് അബ്ബാസ് പറയുന്നത്. ഏത് സമയവും ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കും. ബോട്ടുകൾ തകരാറിലായി എന്നതാകും വിശദീകരണം. സർവിസുകൾ വെട്ടിച്ചുരുക്കുമ്പോൾ സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ലെന്നും ഇത് ജോലിയെയടക്കം ബാധിക്കുന്നെന്നും യാത്രക്കാർ പറയുന്നു. ബോട്ടുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രധാന പ്രശ്നമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർവിസുകൾ വെട്ടിച്ചുരുക്കുന്നത് ഇവിടെനിന്നുള്ള സർവിസ് പടിപടിയായി നിർത്തലാക്കാനുള്ള ശ്രമമാണോ എന്നും നാട്ടുകാർ സംശയിക്കുന്നു.
ഓരോ ഘട്ടത്തിലും ജലഗതാഗത വകുപ്പിന്റെ കാറ്റമറൈൻ അടക്കം നൂതന സംവിധാനങ്ങളുള്ള ബോട്ടുകൾ വരുമ്പോൾ ആദ്യം ഫോർട്ടുകൊച്ചിയെ പരിഗണിക്കുമെങ്കിലും കുറച്ചുനാൾ കഴിഞ്ഞ് ഇവ മറ്റ് മേഖലകളിലേക്ക് മാറ്റുകയാണ് പതിവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മേഖലയിൽ സർവിസിന് സോളാർ ബോട്ടുകൾ പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ വരുമ്പോഴും ഇവ ഇവിടെത്തന്നെ നിലനിർത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

