യൂസർ ഫീസിന് പുറമെ ക്ഷേമനിധിയും അടക്കണം ഗില്‍നെറ്റ് ബോട്ടുകൾ കൊച്ചി വിടുന്നു
text_fieldsമട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിലെ ഇതര സംസ്ഥാന ഗില്‍നെറ്റ് ബോട്ടുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. യൂസർ ഫീസ് ഈടാക്കുന്നതിന് പുറമേ ക്ഷേമനിധി വിഹിതംകൂടി അടക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനമാണ് ഇരുട്ടടിയാകുന്നത്.
യൂസർ ഫീസായി 25,000 രൂപയാണ് തുത്തൂർ, ചിന്നതുറ, വള്ളുവിള എന്നിവിടങ്ങളിൽനിന്ന് കൊച്ചി കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ നിലവിൽ നൽകിവരുന്നത്. നേരത്തേ ഈ തുക ക്ഷേമനിധയിലേക്കായിരുന്നു അടച്ചിരുന്നത്. എന്നാൽ, 2022ൽ ഫിഷറീസ് വകുപ്പ് തുക ക്ഷേമനിധിയിലേക്കല്ലെന്നും യൂസർ ഫീസാണെന്നും അറിയിച്ചു. ഇപ്പോൾ യൂസർ ഫീസിന് പുറമേ 15,000 രൂപ ക്ഷേമ നിധിയിലേക്കുംകൂടി അടക്കണമെന്നും അല്ലെങ്കിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വർധിച്ചുവരുന്ന ഇന്ധന വില, മത്സ്യലഭ്യതക്കുറവ് എന്നിവമൂലം ബോട്ടുകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ഘട്ടത്തിൽ ഇത്രയും തുക അടച്ച് ബോട്ടുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ഹാർബറിലെ ബയിങ് ഏജന്റ്സും തൊഴിലാളികളും പറയുന്നത്. നേരത്തെ അഞ്ഞൂറോളം ഗിൽനെറ്റ് ബോട്ടുകൾ കയറിയിരുന്നിടത്ത് ഇപ്പോൾ നൂറിൽ താഴെയേയുള്ളൂ. ബോട്ടുകൾ അയൽ സംസ്ഥാനങ്ങളിലേക്ക് തിരികെ പോകുന്ന സാഹചര്യമാണ്. അവിടെ ഈ ബോട്ടുകൾക്ക് ഡീസൽ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും സർക്കാറുകൾ നൽകുന്നുണ്ട്. ഇത്തരം ഫീസുകളുമില്ല. ഈ ബോട്ടുകൾ കേന്ദ്രീകരിച്ച് പ്രത്യക്ഷമായും പരോക്ഷമായും 25,000ത്തോളം പേരാണ് ഹാർബറിൽ ഉപജീവനം നടത്തുന്നത്.
മട്ടാഞ്ചേരി ബസാർ, കൊച്ചി തുറമുഖം എന്നീ കേന്ദ്രങ്ങളിൽ തൊഴിൽ ഗണ്യമായി കുറഞ്ഞതോടെ ഹാർബറാണ് കൊച്ചി മേഖലയിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം. നേരത്തേ ഈ ബോട്ടുകളുടെ ക്ഷേമനിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജെ മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ഹാർബർ പ്രതിനിധി സംഘം ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകിയെങ്കിലും ഒരു നടപടിയുണ്ടായില്ല.
ക്ഷേമനിധി തുക ഒഴിവാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരത്തിലേക്ക് പോകുമെന്നും കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ബയിങ് ഏജന്റ്സ് അസോസിയേഷന് പ്രസിഡന്റ് എ.എം നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

