Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും കള്ളക്കടൽ; ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ദുരിതം

text_fields
bookmark_border
വലിയഴീക്കൽ-തൃക്കുന്നപ്പുഴ റോഡ് പലയിടത്തും മണ്ണിനടിയിലായി
വീണ്ടും കള്ളക്കടൽ; ആറാട്ടുപുഴ, തൃക്കുന്നപ്പുഴ  പഞ്ചായത്തുകളിൽ ദുരിതം
cancel
camera_alt

കടലാക്രമണത്തെത്തുടർന്ന് തീരദേശ റോഡ് വെള്ളക്കെട്ടിലായപ്പോൾ. ആറാട്ടുപുഴ കാർത്തിക ജങ്ഷൻ ഭാഗത്തെ ദൃശ്യം

ആറാട്ടുപുഴ: തീരദേശത്ത് ദുരിതം തീർത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസം. ശക്തമായ കടലാക്രമത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ജനജീവിതം ദുരിതപൂർണമായി. ഗതാഗതം തടസ്സപ്പെട്ടു. മുന്നറിയിപ്പിന് പിന്നാലെ ഞായറാഴ്ച പുലർച്ച രണ്ടോടെ പഞ്ചായത്തുകളിൽ ശക്തമായ കടലാക്രമണമുണ്ടാവുകയായിരുന്നു. കഴിഞ്ഞ 13നും സമാന സാഹചര്യമുണ്ടായി. കരയിലേക്ക് ആഞ്ഞടിച്ച തിരമാലക്ക്‌ മുന്നിൽ നിസ്സഹായരായി നോക്കിനിൽക്കാനേ ജനങ്ങൾക്ക് കഴിഞ്ഞുള്ളൂ. കടൽ ഭിത്തി ദുർബലമായ പ്രദേശങ്ങളിലാണ് ദുരിതം ഏറെയുണ്ടായത്. വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായത് ഗതാഗതം താറുമാറാക്കി. പെരുമ്പള്ളി ജങ്ഷന് വടക്കുഭാഗത്താണ് മണ്ണ് ഏറെ പ്രയാസം സൃഷ്ടിച്ചത്.

ആറാട്ടുപുഴ പെരുമ്പള്ളി ഭാഗത്ത് മണ്ണിൽ ഉറച്ച വാഹനം യാത്രക്കാരും നാട്ടുകാരും ചേർന്ന് തള്ളിനീക്കുന്നു

ഞായറാഴ്ച രാവിലെ ഒമ്പതോടെ റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലായി. സാഹസപ്പെട്ട് കടന്നുപോകാൻ ശ്രമിച്ച വാഹനങ്ങൾ മണ്ണിൽ താഴ്ന്നു. പിന്നീട് യാത്രക്കാരും നാട്ടുകാരും ഏറെ പാടുപെട്ടാണ് വാഹനം കടത്തിവിട്ടത്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽനിന്ന് അമൃതപുരിയിലേക്ക് നിരവധി വാഹനങ്ങളാണ് ഇതുവഴി വന്നത്. ഈ വാഹനങ്ങളെല്ലാം വഴിയിൽ കുടുങ്ങിയതോടെ വണ്ടികളുടെ നീണ്ട നിര രൂപപ്പെട്ടു. പഞ്ചായത്ത് അധികാരികൾ ഇടപെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്താണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ തിരമാലകൾ പ്രതിരോധിക്കാൻ സംവിധാനമില്ലാത്തതിനാൽ ചെറുതായി കടലിളകിയാൽ പോലും ഗതാഗതം മുടങ്ങുന്ന സാഹചര്യമുണ്ട്.

ആറാട്ടുപുഴ എ.സി പള്ളി ജങ്ഷൻ മുതൽ കാർത്തിക ജങ്ഷൻ വരെ പലയിടത്തും റോഡ് മണ്ണിനടിയിലായി. കാർത്തിക ജങ്ഷനിൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. ഇവിടെ വലിയ തോതിലാണ് തിരമാലകൾ അടിച്ചു കയറിയത്. എ.സി പള്ളി ഭാഗത്ത് മഅദിൻ കാമ്പസിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ആരംഭിക്കുന്ന സ്വലാത്ത് മജ്‍ലിസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടൽത്തീരത്ത് നിർമിച്ച സ്റ്റേജ് പൊളിച്ച് മറ്റൊരിടത്ത് സ്ഥാപിച്ചു. വട്ടച്ചാൽ വലിയഴീക്കൽ അഴീക്കോട് നഗർ, കള്ളിക്കാട് ശിവജി നഗർ, മീശ മുക്ക്, എ.കെ.ജി നഗറിന് തെക്കുഭാഗം പത്തിശേരിൽ ജങ്ഷൻ, മംഗലം എന്നിവിടങ്ങളിലും കടലാക്രമണം ദുരിതം വിതച്ചു.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 12, 13 വാർഡുകളിലെ ചേലക്കാട് കാട്ടാശേരി ഭാഗം, കിഴക്കത്തുശ്ശേരി ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമായിരുന്നു. ഭാഗികമായി തകർന്ന മതുക്കൽ-ചേലക്കാട് തീരദേശ റോഡ് മണ്ണിനടിയിലായയതോടെ ഇതുവഴി ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ട് ഒഴുകിയത് അകലെ താമസിക്കുന്നവർക്കും പ്രയാസം സൃഷ്ടിച്ചു. റോഡിന് പടിഞ്ഞാറുഭാഗത്തും വീട്ടുവളപ്പിലും കടൽവെള്ളം കെട്ടിനിൽക്കുന്നുണ്ട്. കടലാക്രമണ ഭീഷണി ശക്തമായുള്ള പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal Fishing Returns, Arattupuzha-Thrikkunnapuzha in Distress
Next Story