എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ പിടി വീഴും, കീശ ചോരും
text_fieldsകൊച്ചി: ജില്ലയിൽ മാലിന്യം വലിച്ചെറിഞ്ഞവരിൽനിന്നായി 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഈടാക്കിയത് 84 ലക്ഷം രൂപ. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ നിക്ഷേപിക്കുകയോ ചെയ്ത വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അതത് തദ്ദേശ സ്ഥാപനങ്ങളാണ് പിഴ ഈടാക്കുന്നത്.
മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നതിന്റെ തെളിവ് വിഡിയോ സഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകുന്നുണ്ട്. ജില്ലയിൽ ഇതുവരെ 104 കേസുകൾ വിഡിയോ സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽനിന്നായി അകെ 7.49 ലക്ഷം രൂപ പിഴയായി ഈടാക്കി. പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരിൽനിന്ന് ആകെ 62.94 ലക്ഷം രൂപയും ജലാശയങ്ങളിൽ മാലിന്യം തള്ളിയവരിൽനിന്ന് 13.60 ലക്ഷം രൂപയുമാണ് ഈടാക്കിയത്.

