ട്രെയ്ലറിൽനിന്ന് കൂറ്റൻ ട്രാൻസ്ഫോർമർ റോഡിൽ വീണു; മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
text_fieldsട്രെയ്ലറിൽ കൊണ്ടുപോകുകയായിരുന്ന കൂറ്റൻ ട്രാൻസ്ഫോർമർ സീപോർട്ട്-എയർപോർട്ട് റോഡിലേക്കു വീണപ്പോൾ
കാക്കനാട്: ട്രെയ്ലറിൽ കൊണ്ടുപോകുകയായിരുന്ന കൂറ്റൻ ട്രാൻസ്ഫോർമർ സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് വീണ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബ്രഹ്മപുരം സബ് സ്റ്റേഷനിൽനിന്ന് കളമശേരി സബ്സ്റ്റേഷനിലേക്ക് കൊണ്ടുപോയ 49 ടൺ ഭാരവും പത്ത് അടിയിലേറെ ഉയരവുമുള്ള ട്രാൻസ്ഫോർമറാണ് ഇരുമ്പുകൊളുത്ത് വേർപെട്ട് താഴേക്കുവീണത്. ട്രാൻസ്ഫോർമർ ട്രെയിലറുമായി ചേർത്തു കെട്ടിയിരുന്ന ഇരുമ്പുചങ്ങല ഘടിപ്പിച്ചിരുന്ന കൊളുത്തുകൾ ഒടിഞ്ഞതാണ് അപകടത്തിന് കാരണം.
ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണിക്കായി ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽനിന്ന് സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് പ്രവേശിച്ച ഉടനെയാണ് ഇരുമ്പുകൊളുത്ത് വേർപെട്ടത്. ഇൻഫോപാർക്ക് ഗേറ്റിന് മുന്നിൽ റോഡിന്റെ മധ്യഭാഗത്തായുള്ള ചെറിയവളവും ഇറക്കവും ചേർന്ന ഭാഗത്തായിരുന്നു അപകടം. സീപോർട്ട് റോഡിലേക്കുള്ള പ്രവേശന കവാടം കൊടുംവളവായിരുന്നതിനാൽ ഇരുഭാഗത്തെയും വാഹനങ്ങൾ തടഞ്ഞുനിർത്തിയ ശേഷമാണ് ട്രെയിലർ പ്രവേശിച്ചത്. ട്രാൻസ്ഫോർമർ നിലംപൊത്തിയപ്പോൾ റോഡിൽ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
പൊലീസ്, അഗ്നിരക്ഷാ സേന, കെ.എസ്.ഇ.ബി, മോട്ടോർ വാഹന വകുപ്പ് അധികൃതരെത്തി പുതിയ ട്രെയിലർ കൊണ്ടുവന്ന് അഞ്ചരയോടെ ട്രാൻസ്ഫോർമർ ഉയർത്തി റോഡിന്റെ വശത്തേക്ക് വച്ചതോടെയാണ് രണ്ടുഭാഗത്തുകൂടി വാഹനങ്ങൾക്ക് കടന്നുപോകാനായത്. റോഡിന്റെ ചരിവുമൂലം ട്രാൻസ്ഫോർമറിലുള്ള 40 ടണ്ണോളം വരുന്ന ഡീസൽ ഒരുഭാഗത്തേക്ക് ചരിയുകയും തുടർന്ന് ക്ലിപ്പുകൾ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എല്ലാ സുരക്ഷാ മുൻകരുതലകളും എടുത്തിരുന്നുവെന്നാണ് കെ.എസ്.ഇ.ബിയും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

