15 പവൻ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി റിമാൻഡിൽ
text_fieldsസൗമ്യ നായർ
മുളന്തുരുത്തി: ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസിൽ നെടുമങ്ങാട് വലിയ മലയിൽവീട്ടിൽ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു. പൈങ്ങാരപ്പിള്ളി ശോഭനിലയത്തിൽ വിജയന്റെ വീട്ടിൽനിന്നാണ് സൗമ്യ ആഭരണങ്ങൾ മോഷ്ടിച്ചത്. നെടുമങ്ങാട് മാതാ ജ്വല്ലറി, പിറവം ജെ.ജെ ജ്വല്ലറി എന്നീ സ്ഥാപനങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ ഒമ്പത് പവൻ സ്വർണം മുളന്തുരുത്തി പൊലീസ് കണ്ടെടുത്തു.
ബാക്കി സ്വർണാഭരണങ്ങൾ കണ്ടെത്താൻ ഇനിയും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. വയോധികരായ വിജയനെയും ഭാര്യ ശോഭയെയും ശുശ്രൂഷിക്കാൻ വീട്ടിൽ ജോലിക്ക് നിന്നിരുന്ന സൗമ്യ ഏപ്രിലിൽ നാലുപവൻ സ്വർണാഭരണം മോഷ്ടിച്ചിരുന്നു. വീടുപണി നടക്കുന്നതിനാൽ വീട്ടുകാർക്ക് സംശയം തോന്നിയിരുന്നില്ല. പിന്നീട് പല ഘട്ടങ്ങളിലായി 11 പവൻ കൂടി കൈക്കലാക്കുകയായിരുന്നു.
പിറവം മണീട് റോഡിൽ കാരൂർ കാവിൽ താമസിക്കുന്ന സൗമ്യ വീട്ടുകാരുമായുള്ള സൗഹൃദം മുതലെടുത്ത് മോഷണം നടത്തുകയായിരുന്നു. ബംഗളൂരുവിലായിരുന്ന വിജയന്റെ മകൻ പ്രവീണും കുടുംബവും ദിവസങ്ങൾക്കുമുമ്പ് നാട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ഇവർ നാട്ടിലെത്തുമെന്നറിഞ്ഞതോടെ ആരെയും അറിയിക്കാതെ കഴിഞ്ഞ എട്ടിന് ജോലി മതിയാക്കി സൗമ്യ നെടുമങ്ങാട്ടേക്ക് മടങ്ങി. സൗമ്യയെ നിരവധിതവണ വീട്ടുകാർ ബന്ധപ്പെട്ടിരുന്നെങ്കിലും ഫോൺ സ്വിച്ച്ഓഫ് ആക്കി വെക്കുകയായിരുന്നു. മോഷണം നടത്തിയത് സൗമ്യയാണെന്ന സംശയത്തിൽ മുളന്തുരുത്തി എസ്.എച്ച്.ഒക്ക് വിജയൻ പരാതി നൽകിയിരുന്നു. പൊലീസ് സൗമ്യയുമായി ബന്ധപ്പെട്ടെങ്കിലും സ്റ്റേഷനിലേക്ക് വരാൻ കൂട്ടാക്കിയില്ല.
മുളന്തുരുത്തി പൊലീസ് നെടുമങ്ങാട്ടെത്തി സൗമ്യയെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.എച്ച്.ഒ മനേഷ് പൗലോസ്, എസ്.ഐമാരായ സുമിത, ബിജു ജോർജ്, എസ്.ഐ സജീഷ്, ഷീജ സിന്ധു, ഷിയാസ്, അനൂപ് റെജിൻ പ്രസാദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

