ഹോസ്റ്റലിലെ മോഷണം; ഡിജിറ്റൽ തെളിവുകൾ കുടുക്കി, ബംഗാൾ സ്വദേശി പിടിയിൽ
text_fieldsപ്രശാന്ത് മംഗർ
കാക്കനാട്: സുരക്ഷാ സംവിധാനങ്ങളെയും സാങ്കേതിക വിദ്യയെയും മറികടന്ന് മോഷണം നടത്തിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ തൃക്കാക്കര പൊലീസ് പിടികൂടി. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് മേഖലയിലെ പി.ഡബ്ല്യൂ.ഡി വർക്കിങ് വിമെൻസ് ഹോസ്റ്റലിൽനിന്ന് 40,000 രൂപ കവർന്ന കേസിലാണ് പശ്ചിമ ബംഗാൾ സ്വദേശി പ്രശാന്ത് മംഗർ (33) അറസ്റ്റിലായത്.
ഓണാവധിയുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ അടച്ചിട്ട സമയത്തായിരുന്നു മോഷണം. ഹോസ്റ്റലിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത, ഫിംഗർ പ്രിന്റ് ആക്‌സസ് സംവിധാനമുള്ള ഹോസ്റ്റലിൽ നടന്ന മോഷണം പൊലീസിനെ ആദ്യം കുഴപ്പിച്ചിരുന്നു. ഫിംഗർ പ്രിന്റ് മെഷീനിലെ ഡാറ്റ പരിശോധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. സെപ്റ്റംബർ നാലിന് രാവിലെ ഫിംഗർ പ്രിന്റ് ആക്സസ് മെഷീനിൽ ഉപയോഗിക്കുന്ന കാർഡ് നഷ്ടപ്പെട്ടിരുന്നു. ഡാറ്റാ പരിശോധനയിൽ ഇതേദിവസം രാവിലെ 9.18ന് ഫിംഗർ പ്രിന്റ് മെഷീനിൽ 618-ാം നമ്പർ അനുവദിച്ചിട്ടുള്ള വ്യക്തി തന്റെ വിരലടയാളം ഉപയോഗിച്ച് അകത്തേക്ക് പ്രവേശിച്ചതായും അതേസമയംതന്നെ ആക്‌സസ് കാർഡ് ഉപയോഗിച്ച് ഒരാൾ പുറത്തേക്ക് പോയതായും കണ്ടെത്തി.
സെപ്റ്റംബർ അഞ്ചിന് രാത്രി 11.59 ന് ഈ ആക്‌സസ് കാർഡ് ഉപയോഗിച്ച് ഒരാൾ ഹോസ്റ്റലിൽ കയറുകയും മോഷണം നടത്തിയതിന് ശേഷം സെപ്റ്റംബർ ആറിന് പുലർച്ചെ 12.14ന് കാർഡ് ഉപയോഗിച്ച് പുറത്തിറങ്ങുകയും ചെയ്തു.
ഒരാൾക്ക് ഫിംഗർ പ്രിന്റ് മെഷീനിൽ ഫിംഗർ ഉപയോഗിച്ച് ഹോസ്റ്റലിന്‍റെ അകത്ത് കയറി ഫിംഗർ ഉപയോഗിച്ച് പുറത്ത് ഇറങ്ങുന്നതിന് ഏകദേശം ഒരു മിനിറ്റ് ആവശ്യമാണ്. ഇതോടെ പ്രതി ഫിംഗർ പ്രിന്റ് മെഷീനിൽ 618ാം നമ്പർ അനുവദിച്ചിട്ടുള്ള വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. 200-പേർ താമസിക്കുന്ന ഹോസ്റ്റലിൽനിന്ന് മോഷ്ടാവിനെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു.
തിരിച്ചെത്തിയത് മൂന്നുമാസത്തിനുശേഷം
ഹോസ്റ്റലിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന പ്രശാന്ത് മംഗർ മോഷണത്തിന് പിന്നാലെ നാട്ടിലേക്ക് കടന്നിരുന്നു. ഇയാളുടെ ലൊക്കേഷൻ മോഷണസമയത്ത് ഹോസ്റ്റൽ പരിസരത്തായിരുന്നുവെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തി.
പിന്നീട് മൂന്ന് മാസത്തിന് ശേഷം ഡിസംബർ 29-ന് പ്രതി കേരളത്തിൽ തിരിച്ചെത്തിയ വിവരം അറിഞ്ഞ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, ഹോസ്റ്റലിലെത്തിച്ച് ഫിംഗർ പ്രിന്റ് മെഷീനിൽ പരിശോധന നടത്തിയതോടെ പ്രതിയുടെ കള്ളം പൊളിഞ്ഞു. മെഷീനിൽ 618ാം നമ്പർ പ്രശാന്ത് മംഗറുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. ഇതോടെ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണം മുഴുവൻ ചെലവാക്കി തീർത്തതായി ഇയാൾ മൊഴി നൽകി.
തൃക്കാക്കര അസി. കമീഷണർ ടി.ബി. വിജയന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ വി.ബി. അനസ് കേസന്വേഷണം നടത്തി പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

