ചരിത്രമായി മെഗാ നീന്തൽ; അപ്രതീക്ഷിത പുരസ്കാരമായി മൻകി ബാത്തിലെ പരാമർശം
text_fieldsഈ വർഷത്തെ സൗജന്യ നീന്തൽ പരിശീലനത്തിന് സമാപനംകുറിച്ച് നടന്ന മെഗാ നീന്തലിൽ പങ്കെടുത്തവർ
ആലുവ: പെരിയാറിലെ ഈ വർഷത്തെ സൗജന്യ നീന്തൽ പരിശീലനത്തിന് സമാപനംകുറിച്ച് മെഗാ നീന്തൽ നടത്തുമ്പോൾ പരിശീലകൻ സജി വാളശ്ശേരിക്ക് അപ്രതീക്ഷിത പുരസ്കാരമായി മൻകി ബാത്തിലെ പ്രധാനമന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രി ഞായറാഴ്ച നടത്തിയ മൻകി ബാത്തിലാണ് 17 വർഷമായി നീന്തൽ പഠിപ്പിക്കുന്ന സജി വാളാശ്ശേരിയുടെ പ്രയത്നത്തെ അഭിനന്ദിച്ചത്.
സമൂഹത്തെ സേവിക്കാൻ സൗകര്യങ്ങളുടെ ആവശ്യമില്ലെന്നും അതിനൊരു മനസ്സുണ്ടായാൽ മതിയെന്നും സജി വാളാശേരിയുടെ പ്രയത്നത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേരളത്തിൽ നടന്ന ബോട്ട് അപകടമാണ് ജനങ്ങളെ നീന്തൽ പരിശീലിപ്പിക്കാൻ അദ്ദേഹത്തിനുണ്ടായ പ്രചോദനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 17 വർഷമായി 18,500 പേരെയാണ് സജി നീന്തൽ പഠിപ്പിച്ചത്. പ്രധാനമന്ത്രിയുടെ പരാമർശം വലിയൊരു ബഹുമതിയാണെന്നും ഇതിലും വലിയ പുരസ്കാരം ലഭിക്കാൻ ഇല്ലെന്നും സജി പ്രതികരിച്ചു.
17 ാമത് വർഷത്തെ സൗജന്യ നീന്തൽ പരിശീലനത്തിന്റെ സമാപനദിനമായ ഞായറാഴ്ച രാവിലെ 300 പേരുടെ മെഗാ ക്രോസിങ്ങാണ് നടത്തിയത്. ഇതിൽ അഞ്ച് വയസ്സുകാരൻ മുതൽ 65 വയസ്സുവരെയുള്ളവർ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘം സജിയുടെ ശിക്ഷണത്തിലാണ് നീന്തൽ അഭ്യസിച്ചത്. ഈ വർഷം 3620 പേർ സൗജന്യ പരിശീലനത്തിൽ പങ്കെടുത്ത് നീന്തൽ അഭ്യസിച്ചു. ഒരു ദിവസം 912 പേർ വരെ നീന്തൽ ക്ലാസുകളിൽ പങ്കെടുത്തു. സമാപന ദിന മെഗാ നീന്തൽ ബി.ജെ.പി ജില്ല പ്രസിഡൻറ് ബ്രഹ്മരാജ് ഫ്ലാഗ്ഓഫ് ചെയ്തു. മണപ്പുറം ദേശം കടവിൽ നീന്തിക്കയറിയവരെ നടൻമാരായ ബിനു അടിമാലി, സാജു കൊടിയൻ, കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് സാജു മത്തായി, കൗൺസിലർ പി.എം. ഹിജാസ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുനിൽ, എൽദോ ഡേവിഡ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

