മെട്രോ റോഡിലെ നിരപ്പ് വ്യത്യാസം അടിയന്തര പരിഹാരം നിർദേശിച്ച് ഹൈകോടതി
text_fieldsസർഗാത്മക ചിത്രം
കൊച്ചി: മെട്രോ റെയിൽ തൂണുകളോട് ചേർന്ന് റോഡിൽ നിലനിൽക്കുന്ന അപകടകരമായ ഉയർച്ച, താഴ്ചകളിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈകോടതി. റോഡിൽ രൂപപ്പെട്ട നിരപ്പു വ്യത്യാസം മൂലം അപകടങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ പോളി വടക്കൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും അപകടസാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടീവ് റോഡ് മാർക്കറുകൾ, റംബിൾ സ്ട്രിപ്പുകൾ എന്നിവ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു.
സഹോദരൻ അയ്യപ്പൻ റോഡിലെ സൗത്ത് പാലം മുതൽ എളംകുളം വരെയും കച്ചേരിപ്പടി മുതൽ കലൂർ, ഇടപ്പള്ളി, കളമശേരി പാതയിലും തൂണകളോട് ചേർന്ന് നിരപ്പ് വ്യത്യാസമുള്ളതായി ചൂണ്ടിക്കാട്ടിയാണ് ഹരജി. മെട്രോ പാതയുടെ അശാസ്ത്രീയ നിർമാണമാണ് അപകടാവസ്ഥക്ക് കാരണം. റോഡിൽ അതിവേഗ സഞ്ചാരത്തിന് അനുവദിച്ച ഭാഗത്താണ് ഈ പ്രശ്നങ്ങളുള്ളത്. റോഡ് നിരപ്പിൽനിന്ന് നാലിഞ്ചു വരെ ഉയർന്നു നിൽക്കുന്ന അവസ്ഥയുണ്ട്.
ചിലയിടങ്ങളിൽ ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ അപകടത്തിൽപ്പെടുന്നത്. രാത്രി ഇത് ശ്രദ്ധയിൽപ്പെടാതെ അപകടത്തിനിരയായി മരണംവരെ സംഭവിച്ചിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. മെട്രോപാതയിലെ റോഡുകളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ കൊച്ചി കോർപറേഷൻ സാങ്കേതിക സമിതിയെ നിയോഗിക്കണം.
റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, തുടർന്ന് ഹരജി വീണ്ടും ജൂൺ 11-ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

