ഇവിടെയുണ്ട്, മലയാളക്കരയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ
text_fieldsഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി സ്കൂൾ
ഫോർട്ട് കൊച്ചി: മലയാളക്കരയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായി അറിയപ്പെടുന്ന ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി സ്കൂളിന് വയസ്സ് 208. പ്രാരംഭ കാലഘട്ടത്തിൽ സമ്പന്നരുടെ മക്കൾക്ക് മാത്രമായി ഒരു മഹാറാണിയെ പോലെ പ്രവർത്തിച്ച സ്കൂളിൽ ഇന്ന് സാധാരണക്കാരുടെ കുരുന്നുകളാണ് പഠിതാക്കൾ.
1817ൽ ഫാ. ജെ. ഡോവ്സൻ എന്ന മിഷനറിയാണ് സെന്റ് ഫ്രാൻസിസ് ചർച്ച് സ്കൂളിന് തുടക്കമിട്ടത്. ബ്രിട്ടീഷ് സൈനാധിപരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയായിരുന്നു മുഖ്യലക്ഷ്യം. ചർച് ഓഫ് ഇംഗ്ലണ്ട്, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവയുമായി സഹകരിച്ചാണ് സ്കൂൾ സ്ഥാപിച്ചത്. പ്രൊട്ടസ്റ്റന്റ് ഇംഗ്ലീഷ് ബോയ്സ് സ്കൂൾ, പ്രൊട്ടസ്റ്റന്റ് ഇംഗ്ലീഷ് ഗേൾസ് സ്കൂൾ എന്നീ പേരുകളിൽ ആരംഭിച്ച രണ്ട് വിദ്യാലയങ്ങളും ഒരുമിപ്പിച്ച് പിന്നീട് ചർച്ച് ഓഫ് എലിമന്ററി സ്കൂളും അതിനുശേഷം സെന്റ് ഫ്രാൻസിസ് ചർച്ച് സ്കൂളും ആക്കുകയായിരുന്നു. ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പെരുമയുണ്ടെങ്കിലും ആറുപതിറ്റാണ്ട് മുമ്പ് പ്രവർത്തനം മലയാളം മീഡിയമാക്കി. 1868ൽ പുതുക്കിപ്പണിത കെട്ടിടത്തിലാണ് സ്കൂൾ നിലവിൽ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ തുടക്കം മുതൽ യൂനിഫോം, ഭക്ഷണം, കുട, പഠനോപകരണങ്ങൾ എന്നിവ സൗജന്യമായി നൽകി വരുന്നതിനാൽ ഫ്രീ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നും അത് തുടരുന്നു. എന്നാൽ, വർഷം കഴിയുംതോറും കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നത് ആശങ്കയുളവാക്കുന്നു.
തുടക്കത്തിൽ ഏഴാം തരം വരെ ക്ലാസുണ്ടായിരുന്നു. നിലവിൽ നാലാം തരം വരെയുള്ളു. ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി എം.എ. പാസായ വനിതയായ ഗൗരി ശങ്കുണ്ണി ഈ സ്കൂളിലെ പൂർവ വിദ്യാർഥിനിയാണ്. മദ്രാസ് പ്രസിഡൻസിയിലെ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ പദവിയിൽ വരെയെത്തിയിരുന്നു ഇവർ. കൊച്ചി മഹാരാജാവ് വീര കേരളവർമയുടെ മകൻ രാമവർമ അംഗരക്ഷകരുടെ അകമ്പടിയിൽ കുതിരവണ്ടിയിലാണ് ഇവിടെ പഠിക്കാൻ എത്തിയിരുന്നത്. ഗൗരി ശങ്കുണ്ണിയുടെ സഹോദരനും പുതുക്കോട്ട മുൻ ചീഫ് ജസ്റ്റിസും ‘ബീക്കൺ ഓഫ് വൺ വേൾഡ്’ അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ എ.കെ. പവിത്രൻ, ഫുട്ബാൾ അങ്കിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റുഫസ് ഡിസൂസ എന്നിവരും ഇവിടുത്തെ പൂർവ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

