കനത്ത മഴ; കൊച്ചി വെള്ളത്തിൽ
text_fieldsതിങ്കളാഴ്ച പെയ്ത കനത്തമഴയിൽ വെള്ളക്കെട്ടിലായ എറണാകുളം എം.ജി റോഡ്
കൊച്ചി: കനത്തമഴയിൽ കൊച്ചി നഗരം ഉൾപ്പെടെ ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ. ഞായറാഴ്ച വൈകീട്ടോടെയാണ് മഴ ശക്തമായത്.അർധ രാത്രിയിലും തിങ്കളാഴ്ച പുലർച്ചയും ഇടവേളയില്ലാതെ മഴപെയ്തു. കൊച്ചി നഗരത്തെയാണ് വെള്ളക്കെട്ട് രൂക്ഷമായി ബാധിച്ചത്. അവധി കഴിഞ്ഞ് മറ്റ് ജില്ലകളിലേക്ക് പോകുന്നവരും മറ്റ് ജില്ലകളിൽനിന്ന് നഗരത്തിലേക്ക് വന്നവരും ലക്ഷ്യസ്ഥാനത്തെത്താൻ പ്രയാസപ്പെട്ടു.
മെട്രോയെ ആശ്രയിച്ചവരും ദുരിതത്തിലായി. പ്രധാന മെട്രോ സ്റ്റേഷനായ എം.ജി റോഡ് സ്റ്റേഷനിൽ ഇറങ്ങിയവർ അവിടെ കുടുങ്ങി. എം.ജി റോഡ്, മേനക ജങ്ഷൻ, ഹൈകോടതി ജങ്ഷൻ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.പോക്കറ്റ് റോഡുകളിൽ സ്ഥിതി വ്യത്യസ്തമല്ല. എറണാകുളം നോർത്തിൽനിന്ന് സൗത്തിലേക്കുള്ള അരങ്ങത്ത് ലെയ്ൻ, വീക്ഷണം റോഡ് എന്നിവിടങ്ങളിൽ മുട്ടോളം വെള്ളമുയർന്നു.
ചില റോഡുകൾ വ്യാപാരികൾ അടച്ചിട്ടു. രാവിലെ 11ഓടെയാണ് വെള്ളം ഇറങ്ങിയത്. മുല്ലശ്ശേരി കനാൽ റോഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഗാന്ധി റോഡ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് യാത്രയോഗ്യമാക്കി.
പശ്ചിമകൊച്ചിയുടെ താഴ്ന്ന ഭാഗങ്ങളിൽ ദുരിതം തുടർന്നു. മട്ടാഞ്ചേരിയിൽ ആസ്ട്രേലിയൻ വനിതക്ക് വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റു. മട്ടാഞ്ചേരി കരിപ്പാലം, രാമേശ്വരം കോളനി എന്നിവിടങ്ങളിൽ വീടുകൾ വെള്ളത്തിലായി. നായരമ്പലം, എടവനക്കാട് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാക്കി. ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറിയിങ്, മൈനിങ് പ്രവൃത്തികൾ നിരോധിച്ചു.
നാലാം തീയതിവരെ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂവാറ്റുപുഴ കോർമലകുന്നിലെ അഞ്ച് കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദേശം നൽകി. മുമ്പ് അപകടം നടന്ന പ്രദേശമാണിത്. അടിയന്തര സാഹചര്യം നേരിടാൻ ജില്ല ഭരണകൂടം സജ്ജമാണെന്നും കൺട്രോൾ റൂം തുറന്നതായും കലക്ടർ രേണുരാജ് അറിയിച്ചു.
ജില്ലതല കൺട്രോൾ റൂം
ലാൻഡ് ഫോൺ -0484- 2423513, മൊബൈൽ -9400021077, താലൂക്കുതല കൺട്രോൾ റൂം നമ്പറുകൾ ആലുവ - 0484 2624052 കണയന്നൂർ -0484 -2360704 കൊച്ചി- 0484- 2215559, കോതമംഗലം - 0485- 2860468 കുന്നത്തുനാട് - 0484- 2522224 മൂവാറ്റുപുഴ - 0485- 2813773, പറവൂർ - 0484- 2972817
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

