ഇടമുറിയാതെ... കെടുതി...; കനത്ത മഴയിൽ വ്യാപക നാശം
text_fieldsഅറക്കപ്പടി പെരുമാനി ഭാഗത്ത് ഷൈല ടോമിയുടെ വീടിന്റെ ഒരുഭാഗം മഴയത്ത് പൊളിഞ്ഞു വീണപ്പോൾ
കൊച്ചി: ശനിയാഴ്ചയും ഞായറാഴ്ചയും നിർത്താതെ പെയ്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. പലയിടത്തും മുകളിലേക്ക് മരം വീണ് വീടുകൾ തകർന്നു. തീരദേശ മേഖലകളിൽ കടലേറ്റവും രൂക്ഷമായിട്ടുണ്ട്. തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. പലയിടത്തും ലക്ഷങ്ങളുടെ കൃഷിനാശവും റിപ്പോർട്ട് ചെയ്തു. ജില്ലയിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൂതത്താൻകെട്ട് ഡാമിെന്റ നാല് ഷട്ടറുകൾ ഉയർത്തി
കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
സെക്കന്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നും, തീരത്തുള്ളവർക്ക് ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും പി.വി.ഐ.പി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. മുഹമ്മദ് പറഞ്ഞു.
മരം വീണ് വീടുകൾ തകർന്നു
കുന്നത്തുനാട് മേഖലയിൽ വിവിധ പ്രദേശങ്ങളിലായി വീടുകൾക്ക് മുകളിലേക്ക് മരം വീണു. അറക്കപ്പടി പെരുമാനി ഭാഗത്ത് ഷൈല ടോമിയുടെ വീടിന്റെ ഒരു ഭാഗം മഴയത്ത് പൊളിഞ്ഞുവീണു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വീട് ജീർണ്ണാവസ്ഥയിൽ ആയിരുന്നു. കൂവപ്പടി പഞ്ചായത്ത് മൂന്നാം വാർഡ് ചേരാനല്ലൂർ ഭാഗത്ത് രണ്ട് വീടിന് മുകളിലേക്കും മരം വീണു. ഷൈജു മറ്റേക്കാടൻ,മോഹനൻ പങ്ങോല എന്നിവരുടെ വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിക്കുകയായിരുന്നു.
ചിറ്റാറ്റുകര എം.വി. രാഘവൻ റോഡ് പള്ളത്ത് സാജുവിന്റെ വീടിന് മുകളിൽ ഞായറാഴ്ച പുലർച്ചെ നാലിന് മാവ് മറിഞ്ഞുവീണു. സൺഷെയ്ഡിനും, വീടിന്റെ മുൻ ഭാഗത്തും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.ചെങ്ങമനാട് പഞ്ചായത്തിലെ പാലപ്രശ്ശേരി, കുളവൻകുന്ന് വാർഡുകളിൽ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വ്യാപക നാശമുണ്ടായി.
പെരുമ്പാവൂര്‍: മഴ കനത്തതോടെ മേഖലയില്‍ വീടുകളുടെ മുകളിലേക്കും റോഡിലേക്കും മരം മറിഞ്ഞുവീണ് അപകടം. വെങ്ങോല പഞ്ചായത്തിലെ ഓണംകുളത്ത് വൈദ്യുതി കമ്പിയില്‍ തട്ടി മറിഞ്ഞുവീണ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
അഗ്നിരക്ഷാസേന എത്തിയാണ് മുറിച്ചുനീക്കിയത്. കൂവപ്പടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചേരാനല്ലൂര്‍ മറ്റേക്കാടന്‍ വീട്ടില്‍ ഷൈജു, പങ്ങോല വീട്ടില്‍ മോഹനന് എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ മറിഞ്ഞുവീണ് ഭാഗികമായ നാശനഷ്ടമുണ്ടായി.
അറക്കപ്പടി വില്ലേജില്‍ പെരുമാനി ഭാഗത്ത് ഷൈല ടോമിയുടെ വീടിന്റെ ഒരു ഭാഗം മഴയത്ത് പൊളിഞ്ഞുവീണു. വീട് ജീർണാവസ്ഥയിലായിരുന്നു. ഒരിടത്തും ആളപായമില്ല. റോഡുകളില്‍ വെള്ളക്കെട്ടും കുഴികള്‍ രൂപപ്പെടുന്നതും പ്രതിസന്ധിയാകുന്നുണ്ട്.
നെൽകൃഷി വെള്ളത്തിൽ
വെളിയത്തുനാട് മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശമാണുണ്ടായത്. പാകമായതും, കുലച്ചതുമായ നിരവധി നേന്ത്രവാഴകൾ ഒടിഞ്ഞുതൂങ്ങി. പല തോട്ടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ വാഴ, മരച്ചീനി തുടങ്ങിയവ ചീഞ്ഞുപോകുന്ന അവസ്ഥയിലാണ്.
ഹെക്ടറോളം നെൽ കൃഷി വെള്ളത്തിലായി. കരുമാല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ശക്തമായ കാറ്റിലും, മഴയിലും നൂറുകണക്കിന് കുലച്ച വാഴകൾ ഒടിഞ്ഞു.
കടപുഴകി വൻമരങ്ങൾ
ജില്ലയുടെ പല മേഖലകളിലും വൻ വൃക്ഷങ്ങൾ കടപുഴകി വീണു. ഫോർട്ട്കൊച്ചി സാന്താക്രൂസ് മൈതാനിയിൽ കൂറ്റൻ തണൽ വൃക്ഷം കടപുഴകി വീണു. മുനമ്പം ഹാർബറിൽ വാകമരം കടപുഴകി വീണതിനെ തുടർന്ന് അഞ്ചോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.
ആലുവ- അങ്കമാലി ദേശീയപാതയിൽ നെടുമ്പാശ്ശേരി കരിയാട് പാതയോരത്ത് നിന്ന വൻമരം കാറ്റത്ത് കടപുഴകി വീണു. നിരവധി വാഹനങ്ങൾ കടന്നുപോയിരുന്നെങ്കിലും ഭാഗ്യംകൊണ്ട് അപകടമൊന്നും ഉണ്ടായില്ല. ഏറെനേരം ദേശീയപാത ഗതാഗതകുരുക്കിലമർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

