ദുരിതമൊഴിയാതെ കായൽതീരവാസികൾ
text_fieldsപള്ളുരുത്തി: കനത്ത വേലിയേറ്റവും ശക്തമായ മഴയും ഒന്നിച്ചെത്തിയതോടെ ദുരിതം വിട്ടൊഴിയാതെ കായൽതീരത്തെ താമസക്കാർ. കഴിഞ്ഞ നാലു ദിവസമായി ശക്തമായ വേലിയേറ്റമാണ് തീരത്ത് അനുഭവപ്പെടുന്നത്. പെരുമ്പടപ്പ്, കുമ്പളങ്ങി, കോവളം, ശംഖുതറ, മുണ്ടംവേലി എന്നിവിടങ്ങളിലാണ് വേലിയേറ്റം ശക്തമായി അനുഭവപ്പെടുന്നത്. എക്കൽ നിറഞ്ഞതോടെ വേലിയേറ്റ സമയത്ത് കായലിൽ എത്തുന്ന ജലം ഉൾക്കൊള്ളാനാകാതെ നിറഞ്ഞൊഴുകുകയാണ്.
സംരക്ഷണഭിത്തികൾ ഇല്ലാത്തയിടങ്ങളിലൂടെ വെള്ളം തീരത്തെ വീടുകളിലേക്കും കയറും. കായലിൽ എക്കൽ നിറയുന്നതനുസരിച്ച് ഓരോ വേലിയേറ്റ ദിനങ്ങളിലും വെള്ളം കയറുന്നത് കൂടിവരുകയാണെന്ന് തീരത്ത് താമസിക്കുന്ന കുടുംബങ്ങൾ പറയുന്നു. വെള്ളത്തിനൊപ്പം ഇഴജന്തുക്കളും വീടുകളിലേക്ക് എത്തുന്നുണ്ട്.
കായലിൽനിന്ന് ഉപ്പുവെള്ളം കയറുന്നതിനാൽ ഭിത്തികൾ ദ്രവിക്കുന്നത് വീടുകളുടെ തകർച്ചക്കും കാരണമാകുകയാണ്. ചെടികൾ മുതൽ വൃക്ഷങ്ങൾ വരെ കരിഞ്ഞുണങ്ങുന്നു. വീടുകളിൽവെക്കുന്ന സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയും തുരുമ്പെടുത്ത് നശിക്കുന്നു. ഇത്രയെല്ലാം ദുരിതം കായലോര വാസികൾ അനുഭവിക്കുമ്പോഴും എക്കൽ നീക്കം ചെയ്യുന്നില്ല.
എക്കൽ നീക്കത്തിനായി കോടികളുടെ പദ്ധതികൾ അധികൃതർ ആവിഷ്കരിക്കുമെങ്കിലും പ്രവർത്തനം നടക്കാറില്ല. തീരത്തെ കൈയേറ്റങ്ങൾ കൂടുന്നതും വേലിയേറ്റം രൂക്ഷമാക്കുന്നു. കൈയേറ്റങ്ങൾ നിയന്ത്രിക്കാനും നടപടിയില്ല. തീരവാസികളാകട്ടെ എക്കൽ നീക്കത്തിനായി സമരം ചെയ്ത് മടുത്തു. വേലിയേറ്റത്തിൽ പൊറുതിമുട്ടി നിൽക്കുമ്പോഴാണ് കൂനിൻമേൽ കുരുവെന്നത് പോലെ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയും തീരവാസികളെ കൊടുംദുരിതത്തിലാക്കിയത്.
നൂറുകണക്കിന് വീടുകളിൽ വെള്ളം കയറുകയാണ്. പല വീടുകളിൽനിന്നും പ്രായമായവരെ ബന്ധു വീടുകളിലേക്ക് മാറ്റി. കുട്ടികൾക്ക് അസുഖങ്ങളും പിടിപെടുന്നുണ്ട്. തീരമേഖലയിലെ റോഡുകളിൽനിന്നും ഇടറോഡുകളിൽനിന്നും വെള്ളം വിട്ടൊഴിയുന്നില്ല. അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നും കായലിൽനിന്ന് എക്കൽ നീക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

