Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഗവ. ബോയ്സ് സ്‌കൂൾ;...

ഗവ. ബോയ്സ് സ്‌കൂൾ; കെട്ടിടം അപകടാവസ്ഥയില്‍

text_fields
bookmark_border
ഗവ. ബോയ്സ് സ്‌കൂൾ; കെട്ടിടം അപകടാവസ്ഥയില്‍
cancel
camera_alt

പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അപകടാവസ്ഥയിലായ കെട്ടിടം 

പെരുമ്പാവൂര്‍: ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 120 വര്‍ഷം പഴക്കമുള്ള കെട്ടിടം ഏത് സമയവും തകര്‍ന്നു വീഴാവുന്ന അവസ്ഥയില്‍. കലാ-കായിക, മാധ്യമ രംഗങ്ങളിലും സര്‍ക്കാര്‍ സര്‍വിസിലും പ്രശസ്തരായ അനവധി പ്രമുഖരെ വാര്‍ത്തെടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്ന് വിദ്യാര്‍ഥികളുടെയും പ്രഭാത സവാരിക്കാരുടെയും ജീവന് ഭീഷണിയാണ്. കെട്ടിടത്തിന്റെ തൂണുകള്‍ പലതും സ്ഥാനം തെറ്റിയും ചിലത് തകര്‍ന്നു വീഴുകയും ചെയ്തിട്ടുണ്ട്. മേല്‍കൂരയിലെ ഓടുകള്‍ ഭൂരിഭാഗവും പഴകി നിലത്തുവീഴാറായ അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒരു വശത്തേക്ക് ചെരിഞ്ഞുനില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

അപകടാവസ്ഥ മനസ്സിലാക്കി സ്‌കൂള്‍ അധികൃതര്‍ ഇവിടെ 'പ്രവേശനമില്ല' എന്ന ബോര്‍ഡുകളും മുന്നറിയിപ്പ് നാടകളും സ്ഥാപിച്ചിരുന്നെങ്കിലും രാവിലെ നടക്കാനെത്തുന്നവര്‍ നശിപ്പിച്ചതായി പറയുന്നു. അധ്യാപകരുടെ വിലക്ക് മറികടന്ന് ചില വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ പ്രവേശിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കെട്ടിടം പൈതൃക തനിമ നിലനിര്‍ത്തി പുനരുദ്ധരിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഓഫിസും ഫര്‍ണിച്ചറുകളും അടിയന്തരമായി മറ്റ് മുറികളിലേക്ക് മാറ്റി നല്‍കാന്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ഓഫിസ് ഒഴിപ്പിച്ച് ഒരു വര്‍ഷമായിട്ടും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനോ ഫണ്ട് ലഭ്യമാക്കാനോ നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം വന്‍ ദുരന്തത്തിലേക്ക് വഴിതുറക്കുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ. പെരുമ്പാവൂരിന്റെ ചരിത്ര ഭാഗമായ സ്‌കൂളിനെ സംരക്ഷിക്കാനും നിലവില്‍ 600ഓളം കുട്ടികളുള്ള പാഠശാലയുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയും രക്ഷാകര്‍തൃ സമിതിയുടേയും ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govt. schoolbuildingdangerKochi news
News Summary - Govt. Boys School; Building in danger
Next Story