കുടിക്കാനിത്തിരി വെള്ളം തന്നുകൂടെ; സഹികെട്ട് നാട്ടുകാർ
text_fieldsപൊറ്റക്കുഴി ഡിവിഷനിൽ ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ കൗൺസിലർ സി.എ. ഷക്കീറിന്റെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചപ്പോൾ
കൊച്ചി: കോർപറേഷന്റെ 72ാം ഡിവിഷനായ പൊറ്റക്കുഴിയിൽ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെ. സഹികെട്ട നാട്ടുകാർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. തുടർന്ന് രാത്രി തന്നെ വെള്ളമെത്തിക്കാമെന്ന് ഉറപ്പുനൽകി ഉദ്യോഗസ്ഥർ. ദേശാഭിമാനി റോഡ്, അശോക റോഡ്, മസ്ജിദ് ലെയ്ൻ, യൂനിറ്റി ലെയ്ൻ, പുന്നുക്കുടി ലെയ്ൻ, ഗ്രേസ് ലെയ്ൻ തുടങ്ങി പൊറ്റക്കുഴി ഡിവിഷനിലെ മുഴുവൻ വീടുകളിലും 15 ദിവസത്തിലേറെയായി കുടിവെള്ള വിതരണമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കൗൺസിലർ സി.എ. ഷക്കീർ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നേരിട്ട് പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കാത്ത സാഹചര്യമായിരുന്നു. തുടർന്ന്, ചൊവ്വാഴ്ച കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ വിഷയം അധികൃതരുമായി ചർച്ച ചെയ്യാനായി അതോറിറ്റി ഓഫിസിലെത്തിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
ഇതേ തുടർന്നാണ് നാട്ടുകാരെല്ലാവരും ചേർന്ന് കലൂർ എൽ.എഫ്.സി റോഡിലെ ജല അതോറിറ്റി ഓഫിസിനുമുന്നിൽ ഉപരോധം തുടങ്ങിയത്.
തമ്മനത്ത് കഴിഞ്ഞദിവസം കുടിവെള്ള പൈപ്പ് പൊട്ടിയതുമൂലമാണ് ജലവിതരണം മുടങ്ങിയതെന്നായിരുന്നു തുടക്കത്തിൽ അധികൃതർ വിശദീകരണം നൽകിയത്. എന്നാൽ, പൈപ്പ് പൊട്ടുന്നതിനും ദിവസങ്ങൾക്കുമുമ്പേ ഡിവിഷനിലെ ജലവിതരണം തടസ്സപ്പെട്ടിട്ടുണ്ടെന്ന് കൗൺസിലർ സി.എ. ഷക്കീർ പറഞ്ഞു. ഉപരോധത്തിനുപിന്നാലെ ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫിസിൽനിന്ന് എക്സി.എൻജിനീയർ സ്ഥലത്തെത്തുകയും ചൊവ്വാഴ്ച വൈകീട്ടോടെ ബൂസ്റ്റിങ് വർധിപ്പിച്ച് കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്നും ഉറപ്പുനൽകി. ഇതേതുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ജലവിതരണം തടസ്സപ്പെട്ടതിനാൽ കുറെ ദിവസമായി കോർപറേഷന്റെയുൾപ്പെടെ ടാങ്കർ ലോറികളിലെ വെള്ളമാണ് പ്രദേശവാസികൾക്ക് ആശ്രയം. 25,000 ലിറ്റർ വെള്ളം വരെ ടാങ്കറിലെത്തിച്ച് വിതരണം ചെയ്തിട്ടുണ്ട്. എന്നാലും ടാങ്കർലോറിയെത്താത്ത ഉൾഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാനും പ്രയാസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

