ഇഞ്ചിക്ക് ട്രിപ്പിൾ, പച്ചമുളകിന് സെഞ്ച്വറി
text_fieldsമൂവാറ്റുപുഴ: വില നിയന്ത്രണത്തിന് സർക്കാർ ശ്രമം തുടരുമ്പോഴും പച്ചക്കറി വിലവർധനവിൽ മത്സരം തുടരുന്നു. തക്കാളി വിലയെ മറികടന്ന് ഇഞ്ചിയാണ് കുതികുതിക്കുന്നത്. ഇഞ്ചിവില 300 രൂപയിലേക്ക് എത്തി. ചിലയിടങ്ങളിൽ ഇത് 320 വരെയായി. നാല് മാസം മുമ്പ് വരെ 50 രൂപക്ക് ലഭിച്ച ഇഞ്ചിയാണ് ട്രിപ്പിൾ സെഞ്ച്വറിയും കടന്ന് കുതിക്കുന്നത്. പച്ചമുളക് വില ഇരട്ടി വർധിച്ച് 100 കടന്നു.
തക്കാളി വിലയും കുതിക്കുകയാണ്. തക്കാളി വില 160ൽ എത്തി. കഴിഞ്ഞ ദിവസംവരെ വിലക്കുറവുണ്ടായിരുന്ന പയർ വിലയും വർധിച്ചിട്ടുണ്ട്. 30 രൂപയായിരുന്ന പയറിന് 65 രൂപയായി ഉയർന്നുകഴിഞ്ഞു. പൊളി പയർ 70ൽ എത്തി. ചെറിയുള്ളി 65ൽ നിന്ന് 190 ലെത്തി. വെളുത്തുള്ളി വില 175 ആയി.
ഭൂരിഭാഗം പച്ചക്കറികള്‍ക്കും വില ഇരട്ടിലേറെയായി ഉയർന്നതോടെ സാധരണക്കാന്റെ കീശകീറുന്ന അവസ്ഥയാണ്. ബീൻസ് 75, കാരറ്റ് 70, കാബേജ് 57, ബീറ്റ്റൂട്ട് 65, കറിക്കായ 45, പാവയ്ക്ക 55, മുരിങ്ങയ്ക്ക 50, കോവയ്ക്ക 45, കോളിഫ്ലവർ 47, പടവലം 50, ചേന 60, മുരിങ്ങ 55 എന്നിങ്ങനെയാണ് വിവിധ ഇനങ്ങളുടെ വില.
സവാള വിലയിൽ മാത്രം കാര്യമായ മാറ്റമില്ല, 25 രൂപ. വിലവർധനയുടെ കാര്യത്തിൽ പച്ചക്കറികൾ തമ്മിൽ മത്സരിക്കുന്ന രീതിയിലാണു കാര്യങ്ങളുടെ പോക്ക്. ഏതെടുത്താലും കൈപൊള്ളുന്ന സ്ഥിതി. നിലവിൽ അധികം പച്ചക്കറികൾ വാങ്ങാനാകാത്ത അവസ്ഥയാണെന്ന് വീട്ടമ്മമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

