എസ്.എസ്.എൽ.സി പരീക്ഷക്ക് ഒരുക്കമായി
text_fieldsമൂവാറ്റുപുഴ: വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ ഒരുക്കം പൂർത്തിയായി. 52 ഹൈസ്കൂളിലും രണ്ട് ടെക്നിക്കൽ ഹൈസ്കൂളിലും ഒരു സ്പെഷൽ സ്കൂളിലുമാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. 52 ഹൈസ്കൂളിൽ നിന്ന് 3601 കുട്ടികളും രണ്ട് ടെക്നിക്കൽ സ്കൂളിൽനിന്ന് 60 കുട്ടികളും ഒരു സ്പെഷൽ സ്കൂളിൽനിന്ന് ആറ് കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ചോദ്യപേപ്പറുകൾ ഒരാഴ്ച മുമ്പ് ജില്ല വിദ്യാഭ്യാസ ഓഫിസിൽ എത്തിച്ച് പൊലീസ് സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ചോദ്യപേപ്പറുകളുടെ സോർട്ടിങ് പൂർത്തിയാക്കി മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം ട്രഷറികളിലേക്ക് മാറ്റി. കല്ലൂർക്കാട് സബ് ട്രഷറിയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ അവിടെ സൂക്ഷിക്കേണ്ട ചോദ്യപേപ്പറുകളും മൂവാറ്റുപുഴ സബ് ട്രഷറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പരീക്ഷാ ദിവസങ്ങളിൽ രാവിലെ ആറിന് ഇവിടെനിന്ന് ചോദ്യപേപ്പറുകൾ വിവിധ സ്കൂളുകളിൽ എത്തിക്കും. ഇതിനായി ഒമ്പത് ടീമിലായി 27 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പരീക്ഷാ ഡ്യൂട്ടിക്ക് 52 ചീഫ് സൂപ്രണ്ടുമാരെയും 52 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 350 ഇൻവിജിലേറ്റർമാരെയും നിയമിച്ചിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്കായി 200 സ്ക്രൈബ് മാരെയും 45 ഇന്റർപ്രട്ടർമാരുമുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയോടൊപ്പം ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളും നടക്കുന്നുണ്ട്. ഇതിന്റെ ചോദ്യപേപ്പറുകൾ അതത് സ്കൂളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ പ്രത്യേകം നൈറ്റ് വാച്ചർമാരെ നിയമിച്ചിട്ടുണ്ട്.
കൂടുതൽ പേർ പരീക്ഷ എഴുതുന്നത് പേഴക്കാപ്പിള്ളി സ്കൂളിൽ
വിദ്യാഭ്യാസ ജില്ലയിൽ സർക്കാർ സ്കൂളുകളിൽ ഏറ്റവും അധികം കുട്ടികൾ പരീക്ഷ എഴുതുന്നത് പേഴക്കാപ്പിള്ളി ഹൈസ്കൂളിലാണ്. 104 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. കുറവ് ശിവൻകുന്ന് ഹയർ സെക്കൻഡറി സ്കൂളിലും. മൂന്ന് പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. എയ്ഡഡ് സ്കൂളുകളിൽ ഏറ്റവുമധികം പേർ പരീക്ഷ എഴുതുന്നത് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലാണ് -374 പേർ. കുറവ് മൂവാറ്റുപുഴ എൻ.എസ്.എസ് സ്കൂളിലും. മൂന്നുപേർ മാത്രമാണ് ഇവിടെ പരീക്ഷക്കിരിക്കുന്നത്. അൺ എയ്ഡഡ് സ്കൂളുകളിൽ 69 പേർ പരീക്ഷ എഴുതുന്ന മണ്ണൂർ ഗാർഡിയൻ എയ്ഞ്ചലാണ് ഒന്നാമത്. ഏറ്റവും കുറവ് രണ്ടാർകര എച്ച്.എം.എച്ച്.എസ് -16 പേർ.
നേരത്തേ ഫസ്റ്റ് ബെൽ അടിക്കും
മുൻ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി രാവിലെ 9.15ന് ഫസ്റ്റ് ബെൽ അടിക്കും. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷാ ഒരുക്കം വിലയിരുത്തുന്നതിന് ജില്ല കലക്ടർ വിദ്യാഭ്യാസ, പൊലീസ്, ട്രഷറി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കാട്ടാനശല്യം ഉള്ള പ്രദേശങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ഉണ്ടാകും. എറണാകുളം ജില്ലയിൽ മാമലക്കണ്ടം സ്കൂളിൽ മാത്രം ചോദ്യപേപ്പർ സ്കൂളിൽ തന്നെയാണ് സൂക്ഷിക്കുന്നത്. പരീക്ഷാ ദിവസങ്ങളിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ സ്കൂളുകൾ പരിശോധിക്കും . സ്ക്വാഡുകൾ സ്കൂളുകൾ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

