ജനറൽ ആശുപത്രി ഹൃദയം മാറ്റിവെക്കലിന് പൂർണസജ്ജം
text_fieldsകൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കം പൂർണം. ഫെബ്രുവരി അവസാനത്തോടെ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാകും. ഇതിന്റെ ഭാഗമായി ഹൃദ്രോഗികളെ തെരഞ്ഞെടുക്കുന്നതിനായുള്ള ഹാർട്ട് ഫെയിലിയർ ക്ലിനിക്കിന് തുടക്കമായി. താൽപര്യമുള്ള രോഗികൾക്ക് 8891924136, 8075812459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു. നിലവിൽ സൗജന്യമായി ശസ്ത്രക്രിയ നടത്താനാണ് ആശുപത്രി വികസന സൊസൈറ്റി തീരുമാനം.
ഡിസംബർ ഒന്നിന് കേരള സ്റ്റേറ്റ് ടിഷ്യൂ ആൻഡ് ട്രാൻസ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) ലൈസൻസ് ലഭിച്ചതോടെയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെന്ന സ്ഥാപനത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് വച്ചത്.
നിലവിൽ പ്രതിമാസം ചെറുതും വലുതുമായ 60 ഓളം കാർഡിയോ തൊറാസിക് സർജറി നടത്തുന്ന സർക്കാർ മേഖലയിലുള്ള പ്രധാന ആശുപത്രികളിലൊന്നാണ് എറണാകുളം ജനറൽ ആശുപത്രി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 70 കോടി രൂപ ചെലവഴിച്ച് നിർമിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം പ്രവർത്തിക്കുന്നത്. അത്യാധുനികമായ ഓപറേഷൻ തിയറ്റർ കോപ്ലക്സിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം സ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

