കെട്ടിട നിർമാണത്തിന് കൂടുതൽ ഇളവുകൾ നൽകി ഗസറ്റ് വിജ്ഞാപനം
text_fieldsകളമശ്ശേരി: കെട്ടിട നിർമാണത്തിന് കൂടുതൽ ഇളവുകൾ നൽകി കളമശ്ശേരി നഗരസഭ ഉൾപ്പെടെ സിറ്റി കൊച്ചി സ്ട്രക്ച്ചർ പ്ലാനിൽ വ്യതിയാനം വരുത്തി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. കളമശേരി, ഏലൂർ. തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് എന്നീ നഗരസഭകളും വരാപ്പുഴ, ചേരാനല്ലർ, മുളവുകാട്, ഞാറക്കൽ, എളങ്കുന്നപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ട്രക്ച്ചർ പ്ലാനിലെ സോണിങ് റെഗുലേഷനിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയത്.
പ്രദേശത്തിന്റെ വികസന പ്രവണത, ഗതാഗത ശൃംഖല, വെള്ളപ്പൊക്ക സാധ്യത എന്നിവ പരിഗണിച്ച് നടത്തിയ പ്രാഥമിക സർവേകളും ഭൂമി ശാസ്ത്ര വിവരസംവിധാനം അടിസ്ഥാനത്തിലെ പഠനങ്ങളും ഈ വ്യതിയാനത്തിന് അടിസ്ഥാനമായിട്ടുണ്ട്. കളമശേരി ജുഡീഷ്യൽ സിറ്റി, ലോജിസ്റ്റിക് പാർക്ക്, ഇൻഫോപാർക്ക് വികസനം തുടങ്ങിയ ഭാവി പദ്ധതികളും പരിഗണിച്ചിട്ടുണ്ട്.
നിലവിലുള്ള സ്ട്രക്ച്ചർ പ്ലാനിനെതിരെ വിവിധ കോടതി കേസുകളും പരാതികളും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വ്യതിയാനം തയ്യാറാക്കിയിരിക്കുന്നത്. ഇതിനിടെ കൊച്ചി നഗരസഭക്ക് പുതിയ മാസ്റ്റർ പ്ലാൻ നിലവിൽ വന്നതും കളമശേരി, തൃക്കാക്കര, തൃപ്പണിത്തുറ, മരട് മേഖലകളിൽ അമൃത് 2 പദ്ധതിയുടെ ഭാഗമായി പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
അഗ്രികൾച്ചർ, റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ, പബ്ലിക് സെമി പബ്ലിക്, പാർക്ക്ആൻഡ് പ്ലേഗ്രൗണ്ട് എന്നീ സോണുകൾ ഉൾപ്പെടുത്തി ലാൻഡ് യൂസ് മാപ്പ് നിലനിർത്തിയിട്ടുണ്ട്. അഗ്രികൾച്ചർ സോൺ "റിസ്ക് ഉള്ളത്" എന്നതും "റിസ്ക് ഇല്ലാത്തത്'' എന്നതുമായി രണ്ടായി തിരിച്ചിട്ടുണ്ടെന്ന് വ്യതിയാനം വ്യക്തമാക്കുന്നു. റിസ്ക് സോണുകളിൽ റെസിഡൻഷ്യൽ പരിധി 500 ചതുരശ്ര മീറ്ററും വ്യവസായ കെട്ടിടങ്ങളുടെ പരിധി 300 ചതുരശ്ര മീറ്ററുമായി ഉയർത്തിയിട്ടുണ്ട്. വിത്ത് റിസ്കിൽ 50 ശതമാനം കവറേജും വിത്ത്ഔട്ട് റിസ്കിൽ 65 ശതമാനം കവറേജും നൽകിയിട്ടുണ്ട്. റിസ്ക് ഇല്ലാത്ത സോണുകളിൽ ഫ്ലാറ്റുകൾ ഉൾപ്പെടെ എല്ലാ റെസിഡൻഷ്യൽ കെട്ടിടങ്ങളും അനുവദനീയമാക്കിയിട്ടുണ്ട്.
ഇൻഡസ്ട്രിയൽ, പബ്ലിക്-സെമി പബ്ലിക് സോണുകളിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പാർക്ക് ആൻഡ് പ്ലേഗ്രൗണ്ട് സോണുകളിലും ഇളവുകൾ നൽകി റെസിഡൻഷ്യൽ, കൊമേഴ്ഷ്യൽ നിർമാണങ്ങൾക്ക് അവസരം തുറന്നിരിക്കുകയാണ്.
കളമശേരി നഗരസഭയിലെ 45 ശതമാനം ഭൂപ്രദേശങ്ങൾ ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്നതിനാൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ പുതിയ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ കളമശേരി നഗരസഭയിൽ മൂന്നര പതിറ്റാണ്ടായി നില നിന്നിരുന്ന തടസങ്ങളാണ് മാറുന്നതെന്ന് ചെയർമാൻ ജമാൽ മണക്കാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

