പൊതുനിരത്തിലാകെ മാലിന്യം; കൊച്ചി നഗരസഭയെ വിമർശിച്ച് ഹൈകോടതി
text_fieldsകൊച്ചി: നഗരത്തിലെയും സമീപത്തെയും പൊതുനിരത്തിലാകെ മാലിന്യമെന്ന് ഹൈകോടതി. മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ 10 സ്ഥലങ്ങളെങ്കിലും കോടതിക്ക് ചൂണ്ടിക്കാട്ടാനാവും. ഇക്കാര്യത്തിൽ കൊച്ചി നഗരസഭയെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാലിന്യ സംസ്കരണത്തിന് ഇടക്കാല സംവിധാനമൊരുക്കാനുള്ള നഗരസഭയുടെ നടപടികളുടെ ഗതിയെന്തായെന്നും ആരാഞ്ഞു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഹൈകോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലാണ് വിമർശനം. മാലിന്യ നീക്കത്തിന് വാടകക്ക് വാഹനങ്ങൾ എടുക്കുന്ന നടപടിയെയും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
മാലിന്യ സംസ്കരണത്തിനുള്ള ഇടക്കാല സൗകര്യമൊരുക്കുന്നതിന് ഭൂമി കൈമാറിയതായി നഗരസഭ അറിയിച്ചു. ഇതിന്റെ നിർമാണം നടന്നുവരികയാണ്. ബയോ മൈനിങ് ഒക്ടോബർ ആദ്യം തുടങ്ങും. 15 മാസത്തിനകം പൂർത്തിയാക്കാനാകുമെന്നും വ്യക്തമാക്കി. കൊച്ചിയിൽ വിനോദ സഞ്ചാരികൾ എത്തുന്ന മേഖലകൾ മാലിന്യം ഇടുന്നത് തടയാൻ നടപടിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോർട്ട്കൊച്ചിയിലെ സ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ. ഇവർ വലിച്ചെറിയുന്ന മാലിന്യം കടലിലേക്കാണ് പോകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.