മാലിന്യത്തിൽ പൊറുതിമുട്ടി നഗരസഭ കവാടത്തിൽ പായവിരിച്ച് വീട്ടമ്മയുടെ സമരം
text_fieldsഅനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പിൽനിന്നുള്ള സെപ്റ്റേജ് മാലിന്യം മൂലം പൊറുതിമുട്ടിയ വീട്ടമ്മ തൃക്കാക്കര
നഗരസഭ കവാടത്തിനുമുന്നിൽ നടത്തിയ കിടപ്പുസമരം
കാക്കനാട്: അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പിൽനിന്നുള്ള സെപ്റ്റേജ് മാലിന്യംമൂലം പൊറുതിമുട്ടിയ വീട്ടമ്മ തൃക്കാക്കര നഗരസഭ കവാടത്തിനുമുന്നിൽ പായ വിരിച്ച് കിടപ്പുസമരം നടത്തി.
കുന്നത്തുചിറ ഡിവിഷനിൽ അടുക്കത്ത് ലൈനിൽ അമ്പതിലേറെ അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്യാമ്പിലെ ടോയ്ലെറ്റ് പൊട്ടിയൊഴുകി നമീപത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങൾ തീരാ ദുരിതത്തിലായിട്ടും നഗരസഭ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയുമായി അടുക്കത്ത് വീട്ടിൽ രാജമ്മയാണ് നഗരസഭ കവാടത്തിനു മുന്നിൽ കിടപ്പുസമരത്തിനെത്തിയത്.
കെട്ടിടനിർമാണചട്ടം പാലിക്കാതെ ചുറ്റുമതിൽ ഉൾപ്പടെ പുറംഭിത്തിയാക്കി ഉറപ്പില്ലാതെ മുറികൾ തിരിച്ച് വാടകക്കു നൽകിയ സ്വകാര്യവ്യക്തി സമീപവാസികളെ വെല്ലുവിളിക്കുന്നതിനെതിരെ രാജമ്മ ബാബു തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു. റെസിഡൻഷ്യൽ പെർമിറ്റ് എടുത്ത് കൊമേഴ്സ്യൽ ബിൽഡിങ്ങുകൾ നിർമിച്ച് വാടകക്കുകൊടുക്കുന്നവരുടെ എണ്ണം പെരുകിയിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് അടുക്കത്ത് നിവാസികൾ പറയുന്നു.
ഇവിടെ നിർമിച്ച കെട്ടിട നമ്പറില്ലാത്ത മുറികൾക്ക് വൈദ്യുതി കണക്ഷൻ കൊടുത്തതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടിട്ടും വൈദ്യുതി ബോർഡിൽനിന്ന് നടപടിയുണ്ടായിട്ടിലെന്നും രാജമ്മ ബാബു പറഞ്ഞു.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന് മെമ്മോ നൽകി
കാക്കനാട്: ഏഴുമാസം മുമ്പ് രേഖാമൂലം പരാതിനൽകിയിട്ടും തുതിയൂർ അടുക്കത്ത് ലൈനിലെ അനധികൃത ലേബർ ക്യാമ്പ് പൊളിച്ചുനീക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടിയ എൻജിനീയറിങ് വിഭാഗം ഓവർസിയർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി നഗരസഭ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി പറഞ്ഞു.
വിഷുവിനു മുമ്പ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടി വൈകിപ്പിച്ച ഉദ്യോഗസ്ഥൻ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്ന് സോധ്യമായ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയതെന്നും ചെയർമാൻ പറഞ്ഞു. നഗരസഭ പരിധിയിലെ അനധികൃതവും വൃത്തിഹീനവുമായ മുഴുവൻ നിർമിതികളും പൊളിച്ചുനീക്കും. റെസിഡൻഷ്യൽ പെർമിറ്റുകൾ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും റാഷിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

