നീലത്തിമിംഗല സംരക്ഷണ സന്ദേശവുമായി ഫോർട്ട്കൊച്ചി ഹെറിറ്റേജ് റൺ
text_fieldsഫോർട്ട്കൊച്ചി: കൊച്ചിൻ കലക്ടിവിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പൈതൃക സംരക്ഷണത്തിനും ലഹരിക്കെതിരെയുമായി നടത്തിയ ഫോർട്ട്കൊച്ചി ഹെറിറ്റേജ് റൺ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി ഫ്ലാഗ്ഓഫ് ചെയ്തു.
നീലത്തിമിംഗല സംരക്ഷണത്തിനാണ് ഇക്കുറി റൺ സംഘടിപ്പിച്ചത്. വിദേശികളടക്കം 1522 പേർ പങ്കെടുത്തു. സമാപനസമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ടെക്നിക്കൽ ഡയറക്ടർ ടി.പി. സലിംകുമാർ അധ്യക്ഷത വഹിച്ചു. സിയാൽ ചീഫ് സെക്യൂരിറ്റി ഓഫിസർ രവീന്ദ്രനാഥ്, സൈമന്തി ബി., സാജൻ ജോൺ, പ്രഭു പ്രശാന്ത് കൊച്ചിൻ കലക്ടിവ് സെക്രട്ടറി ഒ.എ. ജോസഫ് എന്നിവർ സംസാരിച്ചു. കായികമേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച എം.എം. സലീം, അശ്വിൻ ഷെട്ടി, വിൽഫ്രഡ് സി. മാനുവൽ എന്നിവർക്ക് കോസ്റ്റൽ പൊലീസ് എ.ഡി.ജി.പി പൂങ്കുഴലി ഉപഹാരം സമർപ്പിച്ചു.
സ്റ്റീഫൻ റോബർട്ട് സ്വാഗതവും എൻ.എസ്. ഷാജി നന്ദിയും പറഞ്ഞു.

