ഭക്ഷ്യവിഷബാധതെ തുടർന്ന് ഷിഗല്ല; ഹോട്ടലുകളിൽ പരിശോധന കർശനമാക്കി അധികൃതർ
text_fieldsകൊച്ചി: പ്രമുഖ ഭക്ഷണശാലയിൽനിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധയും അതിൽ ചിലർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിൽ പരിശോധനകൾ കർശനമാക്കി അധികൃതർ. കതൃക്കടവ് അൽ റീം റസ്റ്റോറന്റിൽ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച കുട്ടികളടക്കൺ 50ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇതിൽ മൂന്നു പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതേതുടർന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയത്.
ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സക്ക് എത്തിയ 15 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ നിന്നാണ് മുന്ന് പേർക്ക് ഷിഗെല്ല ബാധ കണ്ടെത്തിയതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. ഷാഹിർഷാ പറഞ്ഞു. ഭക്ഷ്യവിഷബാധ ഏറ്റ ചിലർ നൽകിയ പരാതിയെ തുടർന്ന് നോർത്ത് പൊലീസ് കേസെടുത്തിട്ടുമുണ്ട്. പരാതിയെ തുടർന്ന് അൽ റീം റസ്റ്റോറന്റിൽ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷ വിഭാഗം ലൈസൻസ് റദ്ദാക്കി സ്ഥാപനം പൂട്ടിച്ചു.
ഹോട്ടലിൽ കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയൊണൈസ് ആണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഹോട്ടലിൽ നിന്ന് ശേഖരിച്ച മയൊണൈസ് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കാക്കനാട്ടെ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കുന്നതോടെയേ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകൂ. ഇതിനു ശേഷമാവും കൂടുതൽ നടപടികളെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷ്ണർ പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.
അൽ റീമിൽ നിന്ന് കുഴിമന്തി ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ച നിരവധിപ്പേർക്ക് ഛർദി, പനി, വയറുവേദന തുടങ്ങിയവ അനുഭവപ്പെട്ടതിനെ തുടർന്നാണ് നിരവധിപ്പേർ ആശുപത്രികളിൽ ചികിത്സ േതടിയത്. നഗരത്തിലെ പ്രമുഖ ഭക്ഷണശാലയായ ആൽ റീമിൽ ജില്ലയിലെ വിവിവ ഭാഗങ്ങളിൽ നിന്നുള്ളവർ പതിവായി എത്താറുണ്ട്.
ഭക്ഷണം തയാറാക്കുന്ന കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്താറുണ്ടെന്നും 15 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇതുവരെ പരാതികൾ ഉണ്ടായിട്ടില്ലെന്നും അൽ റീം ഉടമകളിൽ ഒരാളായ സക്കീർ പറഞ്ഞു. ജല അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇത് ശേഖരിച്ചരിൽ പറ്റിയ പാളിച്ചയാവാം പ്രശ്നത്തിന് കാരണം. ഭക്ഷ്യവിഷ ബാധ ഏറ്റവരുടെ ചികിത്സാകാര്യങ്ങളിൽ സ്ഥാപനം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നഗരത്തിലെ പ്രമുഖ ഭക്ഷണ കേന്ദ്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമാക്കുകയും ചെയ്തു. പരാതി ഉണ്ടായ സ്ഥാപനത്തിൽ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

