തൃക്കാക്കര നഗരസഭയിൽ പൂ വിവാദം: പ്രതിഷേധവുമായി എൽ.ഡി.എഫ് കൗൺസിലർമാർ, അജണ്ടകൾ ചർച്ച ചെയ്യാതെ കൗൺസിൽ പിരിഞ്ഞു
text_fieldsതൃക്കാക്കര നഗരസഭ അധ്യക്ഷയുടെ ഡയസിന് മുന്നിൽ എൽ.ഡി.എഫ് കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ
കാക്കനാട്: അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി. തോമസിെൻറ പൊതുദർശനത്തിനായി പൂ വാങ്ങിയ സംഭവത്തിലെ വിവാദം പ്രതിഷേധത്തിലേക്ക് നീങ്ങിയപ്പോൾ നാടകീയ രംഗങ്ങൾക്ക് വേദിയായി തൃക്കാക്കര നഗരസഭ.
ദൃശ്യമാധ്യമങ്ങളെ പുറത്തുകടത്താനുള്ള ഭരണസമിതി ശ്രമങ്ങൾ പ്രതിപക്ഷം എതിർക്കുകയായിരുന്നു. തുടർന്ന് യോഗം നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ പിരിച്ചുവിട്ടു. പി.ടി. തോമസിന്റെ പൊതുദർശനത്തിനായി 1,27,000 രൂപയുടെ പൂക്കളായിരുന്നു നഗരസഭ വാങ്ങിയത്. നഗരസഭ കൗൺസിലുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് വൻതുക മുടക്കി പൂ വാങ്ങിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് എൽ.ഡി.എഫ് പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ പ്രതിഷേധമുണ്ടായത്. ഒരുകൈയിൽ പൂവും മറുകൈയിൽ പ്ലക്കാർഡുമേന്തിയായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ വരവ്.
അജണ്ട വായിച്ചുതുടങ്ങുംമുമ്പ് കോവിഡ് മാർഗനിർദേശങ്ങൾ നിലവിലുള്ളതിനാൽ ദൃശ്യങ്ങൾ ചിത്രീകരിച്ചുകഴിഞ്ഞെങ്കിൽ പുറത്തിറങ്ങണമെന്ന് ചാനൽ പ്രതിനിധികളോട് നഗരസഭ അധ്യക്ഷ അഭ്യർഥിച്ചു. എന്നാൽ, കോവിഡിെൻറ പേരുപറഞ്ഞ് മാധ്യമപ്രവർത്തകരെ പുറത്താക്കാൻ സമ്മതിക്കില്ലെന്ന് വാദിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ തടഞ്ഞു. സമയം ഏറെയായിട്ടും അജണ്ടകൾ ചർച്ച ചെയ്യാതെ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടർന്നതോടെ അജിത തങ്കപ്പൻ യോഗം മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു.
മുനിസിപ്പൽ ഫണ്ടിൽനിന്ന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല -അജിത തങ്കപ്പൻ
കാക്കനാട്: പി.ടി. തോമസിെൻറ മൃതദേഹം പൊതുദർശനത്തിന് വെച്ചതുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ ഫണ്ടിൽനിന്ന് ഒരു രൂപപോലും ചെലവാക്കിയിട്ടില്ലെന്ന് നഗരസഭ അധ്യക്ഷൻ അജിത തങ്കപ്പൻ. നഗരസഭ കമ്യൂണിറ്റി ഹാൾ ഒരുക്കിയത് മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ചെന്നും കൂട്ടിച്ചേർത്തു. എത്ര ചെലവ് വന്നാലും കോൺഗ്രസ് പാർട്ടി തന്നെ അത് വഹിക്കുമെന്ന് തീരുമാനിച്ചിരുന്നു. പി.ടി മരണപ്പെട്ട ദിവസം വൈകീട്ട് മൂന്നിന് ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ഐകകണ്ഠ്യേനയാണ് നഗരസഭ പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ മ്ലേച്ഛമായ രീതിയിലുള്ള അധിക്ഷേപങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.
4,03,779 രൂപ ചെലവാക്കിയെന്ന് എൽ.ഡി.എഫ്
കാക്കനാട്: പി.ടി. തോമസിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചതുമായി ബന്ധപ്പെട്ട് ഒരു രൂപപോലും നഗരസഭ ചെലവാക്കിയിട്ടില്ലെന്ന ചെയർപേഴ്സെൻറ വാദം കളവാണെന്ന് എൽ.ഡി.എഫ് കൗൺസിലറായ പി.സി. മനൂപ്. മുനിസിപ്പൽ സെക്രട്ടറിയുടെ പക്കൽനിന്ന് ലഭിച്ച രേഖകൾ പ്രകാരം 4,03,779 രൂപ ഇതിനോടകം ചെലവഴിച്ച് കഴിഞ്ഞു.
അധ്യക്ഷ ഒപ്പിടാതെ നഗരസഭ ഫണ്ടിൽനിന്ന് പണം ചെലവഴിക്കാനും കഴിയില്ല. ഈ വിഷയം ചർച്ച ചെയ്താൽ കളവും അഴിമതിയും പുറത്തുവരും എന്ന പേടി കൊണ്ടാണ് യോഗത്തിൽനിന്ന് മാധ്യമങ്ങളെ അകറ്റിനിർത്താൻ ശ്രമിച്ചതെന്നും മനൂപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

