അഞ്ചര കിലോ കഞ്ചാവുമായി താണ്ടിയത് അഞ്ച് ചെക്പോസ്റ്റ്, പിടിയിലായത് എറണാകുളത്ത്
text_fieldsശങ്കരനാരായണ സ്വാമി
കൊച്ചി: അഞ്ചരക്കിലോ കഞ്ചാവുമായി അഞ്ച് ചെക്പോസ്റ്റുകൾ കടന്ന് കേരളത്തിൽ എത്തിയ തമിഴ്നാട് സ്വദേശി അവസാനം എറണാകുളം എക്സൈസ് സർക്കിൾ സംഘത്തിെൻറ പിടിയിൽ. കടലൂർ തിട്ടകുടി താലൂക്കിൽ പാളയം വില്ലേജിൽ അക്കന്നൂർ ദേശത്ത് 75 മെയിൻ റോഡിൽ ശങ്കരനാരായണ സ്വാമിയാണ് (43) ശനിയാഴ്ച രാവിലെ 9.50ന് എറണാകുളം നോർത്ത് എം.െഎ ഷാനവാസ് റോഡിൽനിന്ന് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 5.580 കിലോ കഞ്ചാവ് കണ്ടെടുത്തു. മൊബൈൽ ഫോണും പിടികൂടി.
ഒരാഴ്ചമുമ്പ് പ്രതി കഞ്ചാവ് വാങ്ങാൻ ആന്ധ്രയിലേക്ക് പോയ വിവരം എക്സൈസ് സി.ഐ അൻവർ സാദത്തിന് ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയെന്നും അറിഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലും കൊല്ലം കാവനാട്ടും ഇയാൾ മീൻ പിടിക്കാൻ തൊഴിലാളികൾക്ക് ഒപ്പം പോകാറുണ്ട്. 18,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 1,30,000 രൂപക്കാണ് എറണാകുളം നോർത്ത്, തൃക്കാക്കര, കടവന്ത്ര എന്നീ സ്ഥലങ്ങളിൽ വിൽക്കുന്നത്. രണ്ടുദിവസം മുമ്പാണ് കഞ്ചാവ് വാങ്ങിയതെന്നും ആന്ധ്ര മുതൽ സേലം വരെ ബസിലാണ് വന്നതെന്നും പ്രതി വെളിപ്പെടുത്തി. ബസിലെ കണ്ടക്ടറിന് ഇത് കഞ്ചാവാണെന്ന് മനസ്സിലായപ്പോൾ 500 രൂപ നൽകി ഒതുക്കി.
അന്തർസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ഇവിടെ കഞ്ചാവ് കച്ചവടം. ഒരു പൊതിക്ക് 100 രൂപയാണ് കമീഷൻ നൽകുന്നത്. ആന്ധ്രയിലെ നക്സലൈറ്റുകളിൽനിന്നാണ് കഞ്ചാവ് വാങ്ങുന്നത്. ആവശ്യക്കാരെ ബൈക്കിലെത്തി വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉൾവനത്തിലെത്തിച്ചാണ് ഇടപാട്.
ആന്ധ്രയിലെ ചിന്താപള്ളി ബസ്സ്റ്റാൻഡിലെ ഏജൻറുമാർ വഴിയാണ് നക്സലൈറ്റുകളിലേക്ക് എത്തുന്നതെന്നും പ്രതി അന്വേഷണസംഘത്തോട് പറഞ്ഞു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവൻറിവ് ഓഫിസർ ടി.എം. വിനോദ്, സി.ഇ.ഒമാരായ അനസ്, റെനി, ദീപു തോമസ്, ജയിംസ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

