'വല'യിൽ കുരുങ്ങി മത്സ്യത്തൊഴിലാളികൾ
text_fieldsകടലിൽ മത്സ്യബന്ധനത്തിന് പോയ ‘പരീക്ഷണം’ ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലകൾ പുറംകടലിൽ അടിഞ്ഞ കപ്പൽ അവശിഷ്ടങ്ങളിൽ കുരുങ്ങി കീറിയതിനെത്തുടർന്ന് തൊഴിലാളികൾ നന്നാക്കുന്നു ഫോട്ടോ: രതീഷ് ഭാസ്കർ
കൊച്ചി: കേരളതീരത്തെ തുടർച്ചയായ രണ്ട് കപ്പലപകടങ്ങൾ ഉയർത്തിയ ആശങ്ക നിലനിൽക്കെ, പുറംകടലിൽ അടിഞ്ഞ കപ്പൽ അവശിഷ്ടങ്ങളിൽ കുരുങ്ങി മത്സ്യത്തൊഴിലാളികളുടെ വലകൾ നശിക്കുന്നു. തിങ്കളാഴ്ച കൊച്ചി അഴിമുഖത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് മീൻപിടിക്കാൻ പോയ പത്ത് വള്ളങ്ങളുടെ വലകൾ പുറംകടലിൽ അടിഞ്ഞ കപ്പൽ അവശിഷ്ടങ്ങളിൽ കുരുങ്ങി നശിച്ചു.
ട്രോളിങ് നിരോധനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടെ, ഇത്തരം സംഭവങ്ങൾ മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപവും വള്ളങ്ങളുടെ വലകൾക്ക് സമാനരീതിയിൽ കേടുപാട് സംഭവിച്ചു.
വില്ലനായി കപ്പലവശിഷ്ടം
ട്രോളിങ് നിരോധനം നിലവിലുള്ള സാഹചര്യത്തിൽ ജി.പി.എസ് സംവിധാനം വഴി സുരക്ഷിതമെന്ന് ഉറപ്പിച്ച മേഖലകളിൽ മാത്രമാണ് തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ, ഇതുവരെ ജി.പി.എസിൽ രേഖപ്പെടുത്താത്ത, പുതുതായി രൂപപ്പെട്ട തടസ്സങ്ങളാണ് വലകൾക്ക് വലിയ നഷ്ടം ഉണ്ടാക്കിയത്.
കപ്പലപകടത്തിന് ശേഷം കടലിൽ മുങ്ങിയ കണ്ടെയ്നറുകളിലോ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന മരഉരുപ്പടികൾ പോലെയുള്ള അവശിഷ്ടങ്ങളിലോ കുടുങ്ങിയാണ് വലകൾ നശിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മേയ് 24നാണ് എം.എസ്.സി എൽസ-3 എന്ന ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ അപകടത്തിൽപെട്ടത്.
ലക്ഷങ്ങളുടെ നഷ്ടം
പത്ത് വള്ളങ്ങളുടെ വലകളാണ് തിങ്കളാഴ്ച മാത്രം ഉപയോഗശൂന്യമായത്. വൈപ്പിൻ കാളമുക്ക് ഹാർബറിലെ പരീക്ഷണം, ആദിത്യൻ, അയ്യപ്പ ജ്യോതി, ജലനിധി വള്ളങ്ങളുടെയും തോപ്പുംപടിയിലെ പ്രത്യാശ, ഉന്നതൻ, പ്രവാചകൻ, അക്വിനാസ്, അൽ റഹ്മാൻ വള്ളങ്ങളുടെയും മുനമ്പത്തെ ആണ്ടവൻ എന്ന വള്ളത്തിന്റെയും വലകളാണ് നശിച്ചത്.
ഇതിൽ ‘പരീക്ഷണം’ വള്ളത്തിന്റേത് ആയിരം കിലോയോളം തൂക്കം വരുന്ന വലയായിരുന്നു. ഏകദേശം ആറ് ലക്ഷം രൂപയാണ് വലയുടെ മാത്രം വില. ഇതിനുപുറമെ വല നന്നാക്കുന്നതിന്റെ ചെലവടക്കം ഒരു വള്ളത്തിന് 10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അന്നം മുടങ്ങി മത്സ്യത്തൊഴിലാളികൾ
വലകൾ നശിച്ചതോടെ നൂറോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമാണ് മുടങ്ങിയത്. നശിച്ച വലകൾ കൂട്ടിച്ചേർത്ത് തുന്നാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. അതുവരെ ഇവരുടെ തൊഴിൽ മുടങ്ങുകയാണ്.
കാളമുക്ക് ഹാർബറിൽ മാത്രം നാല് വള്ളങ്ങളിൽ നിന്നായി അമ്പതോളം ആളുകൾ വല നന്നാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ തോപ്പുംപടി ഹാർബറിലും മുനമ്പത്തും വലകൾ നന്നാക്കുന്ന ജോലികൾ നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

