കൂലിത്തർക്കം; കൊച്ചി ഹാർബറിൽ മീൻ ഇറക്കുന്നത് നിലച്ചു
text_fieldsമട്ടാഞ്ചേരി: ഒന്നര മാസത്തെ ഇടവേളക്ക് ശേഷം കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ തൊഴിലാളികളും പേഴ്സിൻ ബോട്ട് ഉടമകളും തമ്മില്‍ തര്‍ക്കം. ഇതോടെ പേഴ്സിൻ ബോട്ടുകളിൽനിന്നുള്ള മീൻ ഇറക്ക് നിലച്ചു. ഹാര്‍ബറിലെ മീന്‍ ഇറക്ക് വിഭാഗം തൊഴിലാളികളുടെ കൂലി തര്‍ക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ച മീനുമായി കയറിയ പേഴ്സിൻ ബോട്ടുകളിലെ മീന്‍ ഇറക്കാന്‍ കൊച്ചിൻ പോർട്ട് ലേബർ യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലുള്ള തൊഴിലാളികള്‍ തയാറായില്ല.
ഇതോടെ പേഴ്സിൻ ബോട്ടുകളിലെ മത്സ്യം ഇറക്കുന്നത് തടസ്സപ്പെട്ടു. മത്സ്യം ബോട്ടുകളുടെ സ്റ്റോർ റൂമിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഒന്നര മാസം മുമ്പ് കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഹാര്‍ബര്‍ നിശ്ചലാവസ്ഥ ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്ന് ഹാര്‍ബര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ബോട്ടുടമകള്‍ കൂലിയുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ദേശം വെച്ചിരുന്നു. ഇതില്‍ ഒന്ന് ചര്‍ച്ച ചെയ്ത് കഴിഞ്ഞ മാസം 25നുള്ളില്‍ കരാര്‍ ചെയ്യാമെന്ന് തൊഴിലാളി യൂനിയന്‍ ഉറപ്പ് നല്‍കിയിരുന്നതായി ബോട്ടുടമകള്‍ പറയുന്നു.
കരാറാകാതെ കൂലി നല്‍കാനാകില്ലെന്ന നിലപാടില്‍ ബോട്ടുടമകള്‍ ഉറച്ചു നിന്നു. എന്നാല്‍, 45 ദിവസമായി കൂലി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇനി മുതല്‍ കൂലി നല്കുന്ന ബോട്ടുകളില്‍ മാത്രമേ പണിയെടുക്കൂവെന്നുമുള്ള നിലപാടില്‍ തൊഴിലാളികളും എത്തി. തിങ്കളാഴ്ച എത്തിയ ബോട്ടുകളില്‍ കൂലി നല്കാൻ സമ്മതിച്ച ബോട്ടുകളിലെ മത്സ്യം തൊഴിലാളികള്‍ ഇറക്കി.
എന്നാല്‍, പണം നല്‍കാത്ത ബോട്ടുകളിലെ മീന്‍ ഇറക്കാൻ ഇവർ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പിടിക്കുന്ന മത്സ്യത്തിന്റെ മൊത്തം വിലയുടെ രണ്ട് ശതമാനമാണ് പേഴ്സിന് നെറ്റ് ഉടമകൾ മീന്‍ ഇറക്ക് വിഭാഗം തൊഴിലാളികള്‍ക്ക് ഉടമകൾ നല്‍കിയിരുന്നത്. എന്നാല്‍, ഇന്ധന വില വർധന അടക്കമുള്ള ചെലവുകൾ വർധിച്ചതിനാൽ പ്രവര്‍ത്തന ചെലവ് കഴിച്ചുള്ള തുകയുടെ ശതമാനം നല്കാന് കഴിയൂവെന്ന നിലപാടിലാണ് ബോട്ടുടമകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

