കളമശ്ശേരിയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsഎച്ച്.എം.ടി. കോളനിയിൽ സ്വകാര്യ ഫർണിഷിങ് ഷോറൂം ഗോഡൗണിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തം
കൊച്ചി: ഫർണിഷിങ് ഷോറൂം ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം.എച്ച്. കളമശ്ശേരി എച്ച്.എം.ടി. കോളനി ഗവ: എൽ.പി.സ്കൂളിന് സമീപം രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥയിലുള്ള ഹോം ഡിസൈൻ ഫർണിഷ് ഷോറൂം ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.
ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. രണ്ട്കെട്ടിടങ്ങളിലായാണ് ഷോറൂം വർക്ക്ഷോപ്പും ഗോഡൗണും പ്രവർത്തിക്കുന്നത്. ഷോറൂമിന് പിന്നിലെ കെട്ടിടത്തിൽ തീ ഉയർന്നപാടെ ഓടിക്കൂടിയ പ്രദേശവാസികൾ ഷോറൂമിൽ വെച്ചിരുന്ന സോഫ, സെറ്റി തുടങ്ങിയവ പുറത്തേക്ക് മാറ്റി.
കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതിബന്ധം വേർപെടുത്തി. തുടർന്ന് തീ അണക്കാനുള്ള പ്രയത്നം നടത്തി. ജനവാസ കേന്ദ്രമായതിനാൽ സമീപവീടുകളിൽ നിന്നും കുടുംബങ്ങളെ അകറ്റി നിർത്തി. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. തീ പൂർണമായും അണക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

