തീപിടിത്തം: കൊച്ചി ‘ലാൽ കില’യുടെ പ്രൗഢി തിരിച്ചുകിട്ടുമോ?
text_fieldsകോഡർ ഹൗസ് ബംഗ്ലാവ് (ഫയൽ ചിത്രം)
മട്ടാഞ്ചേരി: കൊച്ചിയുടെ ലാൽ കില (ചെങ്കോട്ട) എന്നറിയപ്പെട്ടിരുന്ന കോഡർ ഹൗസ് ബംഗ്ലാവിലെ തീപിടിത്തം കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തിന് വലിയ ആഘാതമാണ് ഏൽപ്പിച്ചത്. പോർച്ചുഗീസ് / യൂറോപ്യൻ ശൈലിയും കേരളീയ ഘടകങ്ങളും സമന്വയിപ്പിച്ച ഇൻഡോ-യൂറോപ്യൻ വാസ്തു ശൈലിയിൽ തീർത്ത പഴയകാല പ്രൗഢിയുടെ മനോഹര സൗധത്തിനാണ് ചൊവ്വാഴ്ച തീപിടിച്ചത്. കടുംചുവപ്പ് നിറത്തിലുള്ള അതിമനോഹരമായ മൂന്നുനില കെട്ടിടം പഴയ കൊച്ചിയുടെ ആഗോള വ്യാപാര ബന്ധങ്ങളുടെ സാക്ഷ്യമായിരുന്നു.
ബെൽജിയൻ ഗ്ലാസ് ജനാലകൾ, തേക്കിൽ തീർത്ത മച്ചുകൾ, ഫർണീച്ചറുകൾ, ചെസ് ബോർഡ് പാറ്റേണിൽ തീർത്ത തറകൾ എന്നിവ ഹെറിറ്റേജ് ബോട്ടിക് ഹോട്ടലിന്റെ പ്രത്യേകതയായിരുന്നു. ചുവപ്പ് നിറത്തിലുള്ള മനോഹരമായ കെട്ടിടം ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്റെ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ്
നൂറ്റാണ്ടിന്‍റെ പഴക്കം....
യഹൂദ വ്യാപാരി സാമുവൽ കോഡറാണ് നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം നിർമിച്ചത്. അദ്ദേഹത്തിന്റെ മകൻ ശബ്ദായ് എസ്. കോഡറാണ് കൊച്ചിയുടെ വാണിജ്യവികസന രംഗത്ത് മാറ്റങ്ങൾക്ക് തുടക്കമിട്ടത്. കോഡർ ഹൗസ് പ്രൗഢിയുടെ കാഴ്ചപ്പാടിലേക്ക് മാറ്റിയതും എസ്.എസ്. കോഡർ തന്നെ. തൊട്ടുപിറകെയുള്ള തന്റെ മറ്റൊരു കെട്ടിടവുമായി ബന്ധിപ്പിക്കാൻ റോഡിന് മുകളിലൂടെ ആകാശ പാത (തൂക്കുപാലം) ഒരുക്കിയതും അദ്ദേഹമായിരുന്നു.
കോഡറിന്റെ കടയിൽ പോയാൽ മൊട്ടുസൂചി മുതൽ വിമാനം വരെ കിട്ടുമെന്ന ആലങ്കാരിക പ്രയോഗംതന്നെ പഴയ കൊച്ചിയിലുണ്ടായിരുന്നു. കൊച്ചിൻ ഇലക്ട്രിക് കമ്പനിയിലൂടെ കൊച്ചിയിൽ ആദ്യം വൈദ്യുതി എത്തിച്ചത് കോഡറായിരുന്നു. മട്ടാഞ്ചേരി-എറണാകുളം ഹുസൂർ ജെട്ടിയെ ബന്ധിപ്പിച്ച് യന്ത്രവത്കൃത ബോട്ട് സർവിസ്, ഫോർട്ടുകൊച്ചി-വൈപ്പിൻ ഫെറി സർവിസ് എന്നിവക്ക് തുടക്കമിട്ടതും അദ്ദേഹംതന്നെ. കൊച്ചിൻ കോളജ് സ്ഥാപിക്കുന്നതിലും കോഡറിന്റെ ഇടപെടലുണ്ടായിരുന്നു.
1996ലാണ് അദ്ദേഹം വിടപറഞ്ഞത്. കോഡറിന്റെ മൂന്നാം തലമുറയാണ് കോഡർ ഹൗസ് ഹോട്ടൽ ഉടമകൾക്ക് വിറ്റത്. ചീനവലകൾ കഴിഞ്ഞാൽ ഫോർട്ട് കൊച്ചിയുടെ ശ്രദ്ധേയ മുഖമുദ്രയായിരുന്നു കോഡർ ഹൗസ്.
ഒഴിവായത് വൻ ദുരന്തം...
ചൊവ്വാഴ്ച രാത്രി ഏഴോടെ മുകളിലത്തെ നിലയിലെ മുറിയിൽ എയർ കണ്ടീഷനിൽനിന്ന് ശബ്ദം കേട്ടതായും തുടർന്ന് തീ ഉയരുകയുമായിരുന്നെന്നുമാണ് പറയുന്നത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് അഗ്നിരക്ഷസേന വിലയിരുത്തുന്നു. തീ പടരുംമുമ്പ് നാവികസേന, തീരരക്ഷസേന, കൊച്ചിൻ പോർട്ട് അടക്കം വിഭാഗങ്ങളുടെ സഹകരണത്തോടെ അഗ്നിരക്ഷസേനക്ക് തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. തീപിടിച്ച ഉടൻ എത്തിയ അഗ്നി രക്ഷസേനയുടെ വാഹനത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരുന്നില്ലെന്ന് ആക്ഷേമുയർന്നിരുന്നു. കൊച്ചിയുടെ ലാൽ കിലയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നാടൊട്ടാകെ സങ്കടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

