നഷ്ടം മാത്രം; പശു വളര്‍ത്തലിൽ നിന്ന് കര്‍ഷകര്‍ പിന്മാറുന്നു
text_fieldsപെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് പരിധിയിലെ കർഷകർ പശു വളർത്തലിൽനിന്ന് പിന്മാറുന്നു. തുടർച്ചയായ നഷ്ടംമൂലം പലരും പശുക്കളെ വിറ്റ് തൊഴുത്ത് കാലിയാക്കുന്ന അവസ്ഥയാണിപ്പോൾ. തീറ്റയുടെ വിലക്കയറ്റവും നെൽകൃഷി കുറഞ്ഞതോടെ വൻ വിലകൊടുത്ത് വയ്ക്കോൽ വാങ്ങേണ്ടി വരുന്നതും കന്നുകാലി വളർത്തൽ പ്രതിസന്ധിയായി. കോടനാട് മൃഗാശുപത്രിക്ക് മരുന്നു വാങ്ങാൻ പ്രതിവർഷം മൂന്ന് ലക്ഷമാണ് ലഭിക്കുന്നത്. ഇത് പഞ്ചായത്തിലെ പശുക്കളുടെ ചികിത്സയുടെ 30 ശതമാനംപോലും ആകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പല കർഷകർക്കും ആശുപത്രിയിൽ എത്താൻ ആറ് മുതൽ 10 കിലോമീറ്റർ വരെ താണ്ടണം. ഡോക്ടറെ കൊണ്ടുപോകാനും മരുന്ന് വാങ്ങാനും 500 മുതൽ 1000 വരെ ചെലവ് വരും. ഒരു പശുവിന്റെ ചികിത്സക്ക് പല പ്രാവശ്യം ഡോക്ടറെ കൊണ്ടുപോകേണ്ട സാഹചര്യത്തിൽ ചെലവ് 3000ത്തിലധികമാകും. ആശുപത്രിയിൽ മൃഗ ആംബുലൻസ് കൗ ലിഫ്റ്റ് അടക്കം സൗകര്യങ്ങൾ ഒരുക്കണമെന്ന് ഗ്രാമസഭകളിലും പഞ്ചായത്ത് വികസന സമിതിയിലും ആവശ്യമുയർന്നെങ്കിലും പരിഹരിച്ചിട്ടില്ല.
ചികിത്സക്ക് നിലവിൽ ഐമുറിയിൽ ഒരു സബ് സെന്ററാണുള്ളത്. പടിഞ്ഞാറ്, കിഴക്കൻ മേഖലകളിൽ സബ് സെന്ററുകളില്ല. തൊട്ടടുത്ത മുടക്കുഴ പഞ്ചായത്തിൽ രണ്ട് മൃഗാശുപത്രിയുണ്ട്. അതിനേക്കാൾ സാന്ദ്രതയുള്ള കൂവപ്പടി പഞ്ചായത്തിൽ ഒരു മൃഗാശുപത്രികൂടി തുടങ്ങുകയോ കൂടുതൽ സബ് സെന്ററുകൾ ആരംഭിക്കുകയോ ചെയ്താൽ ഉപകാരപ്പെടും. പഞ്ചായത്തിൽ വിവിധയിടങ്ങളിൽ മിൽമ സൊസൈറ്റികൾ ഉണ്ടെങ്കിലും ചേരാനല്ലൂർ, മങ്കുഴി, കോടനാട്, കൂവപ്പടി, ഐമുറി ആയത്തുപടി, നെടുംപാറ തുടങ്ങിയ ഭാഗങ്ങളിൽ ഇതിന്റെ ഗുണം ലഭിക്കുന്നില്ല. ഇതുമൂലം കാലിത്തീറ്റ വയ്ക്കോൽ എന്നിവക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ കർഷകർക്ക് നഷ്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.