ഭൂഗർഭടാങ്കിൽ പൊട്ടിത്തെറി; തീപിടിത്തം ഉണ്ടാകാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി
text_fieldsപമ്പിൽ പൊട്ടിത്തെറിയിൽ തകർന്ന ഭാഗം
കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടിയിലെ ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കിൽ പൊട്ടിത്തെറി. വ്യാഴാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ തുറന്ന് പുറമേക്ക് തെറിച്ചു. തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകിത്തെറിച്ചു. തീപിടിത്തം ഉണ്ടാകാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് കോതമംഗലത്തുനിന്നുള്ള അഗ്നിരക്ഷാ സംഘം എത്തി. വൈദ്യുതി ബന്ധം വിഛേദിക്കുകയും മറ്റ് സുരക്ഷ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്ത ശേഷം അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കി മടങ്ങി. പമ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിർത്തിവെച്ചു.
ഭൂമിക്കടിയിലെ ഇന്ധന ടാങ്കിന്റെ എയര്ഹോള് തടസ്സപ്പെട്ടതിനെത്തുടർന്നുണ്ടായ വായുമർദ്ദമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് അനുമാനം. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ വിദഗ്ദരുടെ പരിശോധനയിലെ കാരണം വ്യക്തമാകുകയുള്ളുവെന്ന അഗ്നിരക്ഷ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂചലനം പോലെയാണ് അനുഭവപ്പെട്ടതെന്ന് സംഭവസമയത്ത് പമ്പിലുണ്ടായിരുന്നവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.