റോഡിനായി ഏറ്റെടുത്ത സ്ഥലം ഒഴിവാക്കി നിർമാണം; ഉടമകളെ സഹായിക്കാനെന്ന് ആരോപണം
text_fieldsമൂവാറ്റുപുഴ: നഗര റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമി പൂർണമായി ഉപയോഗപ്പെടുത്താതെ ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം നിർമാണം നടത്തുന്നത് വിവാദമായി. 20 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന്റ പല ഭാഗത്തും ഏറ്റെടുത്ത ഭൂമി ഉപയോഗപ്പെടുത്താതെ സ്ഥലം ഉടമകളെ അനധികൃതമായി സഹായിക്കുകയാണന്ന ആക്ഷേപമാണ് ഉയരുന്നത്.
നഗരത്തിലെ അരമനപ്പടിയിൽനിന്ന് രണ്ടുമാസം മുമ്പ് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ കച്ചേരിത്താഴത്ത് ഡെക് സ്ഥാപിക്കലാണ് നടക്കുന്നത്. നിർമാണം ആരംഭിച്ചപ്പോൾ തന്നെ ഏറ്റെടുത്ത ഭൂമി ഉപയോഗപ്പെടുത്താതെയാണ് നിർമാണം ആരംഭിച്ചത്.
മാധ്യമ വാർത്തകളെ തുടർന്നായിരുന്നു സ്ഥലം ഉപയോഗപ്പെടുത്താൻ തന്നെ തയാറായത്. നിർമാണം പുരോഗമിച്ച് വരുന്നതിനിടെ വീണ്ടും സ്ഥലം ഉടമകൾക്ക് ഗുണകരമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ടി.ബി. ജങ്ഷനു സമീപത്തെ വളവിൽ അടക്കം ഇതു വ്യക്തമാണ്. ഈ ഭാഗങ്ങളിൽ രാത്രി നിർമാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. രണ്ടര കിലോമീറ്ററോളം വരുന്ന നഗര റോഡിന്റെ വികസനത്തിനായി 1.99 ഏക്കർ ഭൂമിയാണു ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കാൻ 21.60 കോടി ചെലവഴിച്ചു. റോഡ് നിർമാണം പൂർത്തിയാകുമ്പോൾ 51 കോടിയാണ് ചെലവാകുക. സെന്റിന് 11 ലക്ഷം രൂപയാണ് ഭൂമി ഏറ്റെടുക്കാൻ ചെലവഴിച്ചിരിക്കുന്നത്.
പണം നൽകിയ ശേഷം ഉടമകൾക്ക് ഭൂമി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് റോഡ് നിർമാണം നടക്കുന്നത്.
റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയും ഏറ്റെടുത്ത ഭൂമിയും ഉപയോഗിക്കാതെ നവീകരണം നടത്തുന്നതിനെതിരെ നവീകരണ പ്രവർത്തനങ്ങൾക്കായി ഭൂമിയേറ്റെടുത്ത റവന്യൂ ഉദ്യോഗസ്ഥർ തന്നെ അവലോകന യോഗത്തിൽ രംഗത്തു വന്നിരുന്നു. റോഡ് നിർമാണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

