മയക്കുമരുന്ന് മാഫിയക്ക് പൂട്ടിട്ട് എക്സൈസ്
text_fieldsകൊച്ചി: നഗരത്തിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി എക്സൈസ്. മയക്കുമരുന്ന് കൈവശം വെച്ചതിനും, വിതരണം ചെയ്തതിനും, ഉപയോഗിച്ചതിനുമായി സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്.
നാലര വർഷം കൊണ്ട് ജില്ലയിൽ എക്സൈസ് 4154 എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2021 മെയ് മുതൽ 2025 ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരമാണിത്. ഈ വർഷം ആഗസ്റ്റ് വരെ മാത്രം രജിസ്റ്റർ ചെയ്ത 1105 കേസുകളിൽ 635 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു.
കേസുകളിൽ ക്രമാതീത വർധന
ഒരോ വർഷവും എൻ.ഡി.പി.എസ് കേസുകളിൽ വലിയ വർധനവാണ് കണ്ടുവരുന്നത്. 2021 മെയ് മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 304 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് 2022ൽ 807 ആയും 2023ൽ 928 ആയും ഉയർന്നു. 2024ൽ കേസുകളുടെ എണ്ണം 1000ത്തിനു മുകളിലേക്ക് കടന്നു. 1010 കേസുകളാണ് കഴിഞ്ഞ വർഷം എക്സൈസ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇത് ആദ്യ എട്ട് മാസം കൊണ്ട് മാത്രം കേസുകൾ 1105 ആയി വർധിച്ചിട്ടുണ്ട്.
കുറ്റവിമുക്തരിലും വർധന
എൻ.ഡി.പി.എസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെയും കുറ്റമുക്തരാക്കപ്പെട്ടവരുടെയും എണ്ണത്തിലും ഇക്കാലയളവിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
2021 മുതൽ കഴിഞ്ഞ വർഷം വരെയുള്ള കണക്ക് പ്രകാരം 1239 പേർ ശിക്ഷിക്കപ്പെട്ടപ്പോൾ കുറ്റവിമുക്തരായത് അഞ്ച് പേർ മാത്രമായിരുന്നു. എന്നാൽ ഈ വർഷം ആഗസ്റ്റ് വരെ മാത്രം കുറ്റവിമുക്കരാക്കപ്പെട്ടത് 39 പേരാണ്.
പിടിക്കപ്പെടുന്നത് കൂടുതലും രാസലഹരി
പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ ആണ് ചെറുപ്പക്കാർക്കിടയിൽ വിൽപ്പന നടന്ന ലഹരി വസ്തുക്കളിൽ അധികവും. 2021 മെയ് മുതൽ 2025 ഏപ്രിൽ വരെ കാലയളവിലായി 9.71 കിലോ എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം പിടികൂടിയതും ജില്ലയിൽ നിന്ന്. കൂടാതെ 1820 കിലോ കഞ്ചാവും ഇക്കാലയളവിൽ പിടികൂടിയിട്ടുണ്ട്. 6.04 കിലോ ഹഷിഷ് ഓയിലും ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി പിടികൂടിയിരുന്നു.
ലഹരിയൊഴുക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന്
ഒഡിഷ, ബംഗളുരു തുടങ്ങി വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നടക്കമാണ് കഞ്ചാവ് ജില്ലയിലേക്കെത്തുന്നത്. ഇതിൽ അധികവും എത്തുന്നത് ട്രെയിൻ മാർഗവും. വിമാന മാർഗവും ഹൈബ്രിഡ് കഞ്ചാവു പോലെയുള്ള ലഹരി വസ്തുക്കൾ എത്തുന്നുണ്ട്. ചൊവ്വാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 6.4 കോടി വില വരുന്ന 6,446 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് ഇതിന് ഉദാഹാരണമാണ്. കഴിഞ്ഞ മാസവും സമാന രീതിയിൽ ബാങ്കോക് നിന്നും സിങ്കപ്പൂർ വഴി എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്ന് ആറ് കോടി രൂപയുടെ കഞ്ചാവ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

