കൊച്ചി ഫിഷറീസ് ഹാർബറിലെ അമിത ഫീസ് ഈടാക്കൽ; ഗിൽ നെറ്റ് ബോട്ടുകളുടെ പ്രവർത്തനം അവതാളത്തിൽ
text_fieldsമട്ടാഞ്ചേരി: അമിതമായ ഫീസ് ഈടാക്കൽ കൊച്ചി ഫിഷറീസ് ഹാർബറിലെ ഗിൽ നെറ്റ് ബോട്ടുകളുടെ പ്രവർത്തനം അവതാളത്തിലാക്കുന്നു. യൂസർ ഫീ ഈടാക്കുന്നതിന് പുറമേ ക്ഷേമനിധി വിഹിതം കൂടി അടക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനമാണ് ഹാർബറിലെ ഇതര സംസ്ഥാന ഗില്‍നെറ്റ് ബോട്ടുകളുടെ പ്രവർത്തനത്തിന് തിരിച്ചടിയാകുന്നത്. ഇത് ബാധിക്കുന്നതാകട്ടെ ഇരുപതിനായിരത്തോളം തൊഴിലാളികളെയും. യൂസർ ഫീയായി 25,000 രൂപയാണ് തുത്തൂർ, ചിന്നതുറ, വള്ളുവിള എന്നിവിടങ്ങളിലെ ബോട്ടുകൾ അടച്ചിരുന്നത്.
നേരത്തേ ഈ തുക ക്ഷേമനിധയിലേക്കാണ് അടച്ചിരുന്നത്. എന്നാൽ 2022ൽ ഫിഷറീസ് വകുപ്പ് തുക ക്ഷേമ നിധിയിലേക്ക് അല്ലെന്നും യൂസർ ഫീയാണെന്നും അറിയിച്ചു. ഇപ്പോൾ യൂസർ ഫീക്ക് പുറമേ 25,000 രൂപ ക്ഷേമ നിധിയിലേക്കും അടക്കണമെന്നും അല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വർധിച്ചുവരുന്ന ഇന്ധന വിലയും മത്സ്യ ലഭ്യതക്കുറവും മൂലം ബോട്ടുകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിൽ. ഈ ഘട്ടത്തിൽ 50,000 രൂപ നൽകി ബോട്ടുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യമല്ലെന്നാണ് ഹാർബറിലെ ബയിങ് ഏജന്റുമാരും തൊഴിലാളികളും പറയുന്നത്.
മാസം 500ഓളം ബോട്ടുകൾ കൊച്ചി കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ നൂറിൽ താഴെ ബോട്ടുകളാണ് ഹാർബറിൽ കയറുന്നത്. ബോട്ടുകൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ്. അവിടെ ഈ ബോട്ടുകൾക്ക് ഡീസൽ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്. അയൽ സംസ്ഥാന ബോട്ടുകൾ കേന്ദ്രീകരിച്ച് പ്രത്യക്ഷമായും പരോക്ഷമായും ഇരുപത്തിയയ്യായിരത്തോളം പേരാണ് ഉപജീവനം നടത്തുന്നത്.
കൂടാതെ നിരവധി കയറ്റുമതി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. ബസാർ, ഐലന്റ് എന്നീ കേന്ദ്രങ്ങളിൽ തൊഴിൽ കുറഞ്ഞതോടെ ഹാർബറാണ് ഉപജീവന മാർഗം. നേരത്തേ ഈ ബോട്ടുകളുടെ ക്ഷേമനിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ഹാർബർ പ്രതിനിധി സംഘം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ക്ഷേമനിധി അടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ഗില്‍നെറ്റ് ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടിയിരുന്നു. ബയിങ് ഏജന്റ്സ് അസോസിയേഷന് ഇടപെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച വരെ സമയം അനുവദിച്ചിരിക്കുകയാണ് ഫിഷറീസ് അധികൃതര്‍. ക്ഷേമ നിധി തുക ഒഴിവാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ബയിങ് ഏജന്റ്സ് അസോസിയേഷന് പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

