മലയിടംതുരുത്ത് പര്യത്ത് കോളനി ഒഴിപ്പിക്കൽ: ഏഴ് കുടുംബം ആശങ്കയിൽ
text_fieldsമലയിടംതുരുത്ത് പര്യത്ത് കോളനിയിലെ വീട്
കിഴക്കമ്പലം: മലയിടം തുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ നീക്കം ശക്തമായതോടെ ഏഴ് പട്ടികജാതി കുടുംബങ്ങൾ ആശങ്കയിൽ. ഒരു വർഷം മുമ്പുണ്ടായ സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് അഡ്വ. കമ്മീഷന്റെ നേതൃത്വത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവർ വന്ന് കഴിഞ്ഞ ദിവസം അളന്നുതിരിച്ചിരുന്നു. ഇതോടെ ഏത് സമയത്തും ഇറക്കിവിടുമെന്ന ആശങ്കയിലാണ് കുടുംബാഗങ്ങൾ.
കുട്ടികളും പ്രായമായവരുമായി എങ്ങോട്ട് പോകുമെന്ന ചോദ്യം ഇവരെ ആശങ്കയിലാഴ്ത്തുന്നു. 50 വര്‍ഷം മുമ്പാണ് തന്റെ ഭൂമി കോളനിയിലെ കാളുകുറുമ്പന് എന്നയാൾ കൈയേറിയതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ നിയമനടപടി ആരംഭിച്ചത്. ഭൂമിയിക്കുവേണ്ടിയുള്ള നിയമയുദ്ധം പിന്നീട് സുപ്രീംകോടതി വരെ നീണ്ടു. വിധി കോളനിയിലെ താമസക്കാർക്ക് എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.
തങ്ങളുടെ മുത്തച്ഛന് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്റെ മകന് അയ്യപ്പന് പറഞ്ഞു. 30 വര്‍ഷം മുമ്പാണ് 80ാം വയസിൽ അച്ഛന് മരണമടഞ്ഞത്. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബങ്ങൾ താമസിക്കുന്ന ഭൂമി തങ്ങളുടെ പൂര്‍വികരുടേതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണോത്ത് ശങ്കരന് നായര്‍ കോടതിയെ സമീപിച്ചത്. ശങ്കരന് നായർ മരിച്ചതോടെ അദ്ദേഹത്തിന്റെ പേരമക്കളാണ് കേസ് ഏറ്റെടുത്ത് നടത്തിയത്. സാമ്പത്തികമായി ഏറെ പിന്നാക്കമായതിനാൽ കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് വിധി എതിരായതെന്നും അയ്യപ്പന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

