പെയ്യുമോ മഴ! അസഹനീയ ചൂടിൽ എറണാകുളം ജില്ല
text_fieldsകൊച്ചി: വെള്ളിയാഴ്ചയെങ്കിലും മഴ പെയ്യണേ എന്ന പ്രാർത്ഥനയിലാണ് ജില്ല. വ്യാഴാഴ്ച മുതൽ മഴയെത്തുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം. അത് പാളിയതോടെ അസഹനീയ ചൂടിൽ അകപ്പെട്ട നിലയിലാണ് ജില്ല. പുറത്തേക്കിറങ്ങിയാൽ പൊള്ളുന്ന ചൂടാണ് എവിടെയും.
ജില്ലയിൽ അൾട്രാവയലറ്റ് വികരണ തോത് അപകടകരമായ എട്ട് എന്ന നിലയിലേക്ക് ഉയർന്നത് ആശങ്ക സൃഷ്ടിക്കുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിലും പരിസരപ്രദേശങ്ങളിലും ന്യൂനമർദം രൂപപ്പെട്ടുവെന്ന കാലാവസ്ഥ പ്രവചനത്തിലാണ് ഇനി പ്രതീക്ഷ.
നേരിയ മഴയും പൊരിവെയിലും ചേർന്ന് ഒരുതരം വേവുന്ന കാലാവസ്ഥയാണ് എല്ലായിടത്തും. വൈകുന്നേരങ്ങളിൽ ചെറുതായി പെയ്യുന്ന മഴ സൃഷ്ടിക്കുന്ന അന്തരീക്ഷ ഈർപവും പകലത്തെ ചുട്ടുപൊള്ളുന്ന ചൂടും ചേർന്നാണ് അസഹനീയ അവസ്ഥ സൃഷ്ടിക്കുന്നത്.
ജില്ലയിൽ ഇപ്പോൾ 32ഡിഗ്രി സെൽഷ്യസാണ് താപനിലയെങ്കിലും അന്തരീക്ഷ ഈർപ്പവും ചേർന്ന് 38 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് അനുഭവപ്പെടുന്നത്. രാത്രിയിലും ചൂട് കുറയാതായതോടെ കൊടും വേനൽ കാലത്തേതിന് സമാനമായ അവസ്ഥയിലൂടെയാണ് ജനം കടന്നുപോകുന്നത്. ജില്ലയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ട്. അതാണ് നേരിയ ആശ്വാസം പകരുന്നത്. മഴ സജീവമാകുന്നതോടെ വരും ദിവസങ്ങളിൽ താപനില 31 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ട്. എങ്കിലും അന്തരീക്ഷ ഈർപ്പം 75 ശതമാനം വരെ ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഉഷ്ണം കുറയാനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു.
യു.വി ഇൻഡക്സ് അപകട നിലയിൽ
അൾട്രാവയലറ്റ് ഇൻഡക്സ് എട്ടിലേക്ക് ഉയർന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നേരത്തെ വേനൽകാലത്താണ് ജില്ലയിൽ യു.വി ഇൻഡക്സ് ഈ നിലയിലേക്ക് എത്തിയിട്ടുള്ളത്.
യു.വി ഇൻഡക്സ് ആറിനും ഏഴിനും ഇടയിലായാൽ യെല്ലോ അലർട്ടും എട്ട് മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് അലർട്ടും 11ന് മുകളിലായാൽ റെഡ് അലർട്ടുമാണ്. നിലവിൽ ഓറഞ്ച് അലർട്ട് പരിധിയിലുള്ള എറണാകുളത്ത് സൂര്യാഘാതവും സൂര്യാതപവും ഒഴിവാക്കാൻ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണമെന്ന് കർശന നിർദേശമുണ്ട്.
വരും ദിവസങ്ങളിൽ ജില്ലയിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച യു.വി. ഇൻഡക്സ് ഏഴായും, ശനിയാഴ്ച അത് മൂന്നായും കുറയാൻ സാധ്യതയുണ്ട്. യു.വി. ഇൻഡക്സ് എട്ടോ അതിൽ കൂടുതലോ ആകുന്നത് ചർമ്മത്തിനും കണ്ണിനും കേടുപാടുകൾ വരുത്താനും, സൂര്യാതപത്തിനും കാരണമായേക്കാം. പകൽ 11 മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം.
ഇന്നും നാളെയും മഞ്ഞ അലർട്ട്
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ ജില്ലയിൽ ചൂടിന് ആശ്വാസമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വെള്ളിയാഴ്ച, ശനി ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തീരദേശ മേഖലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

