എറണാകുളം ജില്ല അത്ലറ്റിക്സ് ചാമ്പ്യൻഷിപ് എം.എ സ്പോർട്സ് അക്കാദമി ജേതാക്കൾ
text_fieldsകോതമംഗലം: ജില്ലഅത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എം.എ സ്പോർട്സ് അക്കാദമി വിജയികൾ. ജില്ല അത്ലറ്റിക്സ് അസോസിയേഷൻ മാർ അത്തനേഷ്യസ് കോളജ് സ്റ്റേഡിയത്തിൽ നടത്തിയ മത്സരത്തിൽ 647 പോയന്റ് നേടിയാണ് ചാമ്പ്യൻമാരായത്. കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ 359.5 പോയന്റുമായി രണ്ടാം സ്ഥാനത്തും 162.5 പോയന്റുമായി മൂക്കന്നൂർ എസ്.എച്ച്.ഒ എച്ച്.എസ് സ്പോർട്സ് അക്കാദമി മൂന്നാംസ്ഥാനത്തും എത്തി.
154 പോയന്റോടെ തേവക്കൽ വിദ്യോദയ സ്കൂൾ നാലും 136 പോയന്റോടെ നായരമ്പലം ബി.വി ഹൈസ്കൂൾ അഞ്ചും സ്ഥാനത്തെത്തി. എം.എ അക്കാദമി 52 സ്വർണവും 34 വെള്ളിയും 22 വെങ്കലവും നേടി. മാർ ബേസിലിന് 15 സ്വർണവും 24 വെള്ളിയും 14 വെങ്കലവുമാണ്. മൂക്കന്നൂരിന് അഞ്ച് സ്വർണവും 11 വെള്ളിയും ആറ് വെങ്കലവുമുണ്ട്. സമാപനദിനം ഒമ്പത് റെക്കോഡുകൾ പിറന്നു. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ താരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
സമാപന സമ്മേളനത്തിൽ എം.എ കോളജ് അസോ. സെക്രട്ടറി ഡോ. വിന്നി വർഗീസ് സമ്മാനങ്ങൾ വിതരണം ചെയ്തു. അത്ലറ്റിക്സ് അസോ. സംസ്ഥാന സെക്രട്ടറി പ്രഫ. പി.ഐ. ബാബു അധ്യക്ഷതവഹിച്ചു. ജില്ല അത്ലറ്റിക്സ് അസോ. എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സോളമൻ ആന്റണി, സെക്രട്ടറി സി.ജെ. ജെയ്മോൻ എന്നിവർ സംസാരിച്ചു.
ഇന്നലെ പിറന്ന റെക്കോഡുകൾ
60 മീറ്റർ (അണ്ടർ 14 പെൺ) തേവക്കൽ വിദ്യോദയ സ്കൂളിന്റെ അൻവിത അഭിലാഷ് (8.8 സെക്കൻഡ്), ജാവലിൻ (അണ്ടർ 14 പെൺ) ഏരൂർ ബി.വി.എമ്മിന്റെ അലിഷ അൻഷ (16 മീറ്റർ), 200 മീറ്റർ (പെൺ) എം.എ. അക്കാദമിയുടെ കെ. സ്നേഹ (25 സെക്കൻഡ്), 60 മീറ്ററിൽ (അണ്ടർ 14 ആൺ) തേവക്കൽ വിദ്യോദയയുടെ റൂബെൻ ജോൺ എബ്രഹാം (7.6 സെക്കൻഡ്), 4x100 റിലേ തേവക്കൽ വിദ്യോദയ (52 സെക്കൻഡ്), ജാവലിൻ (അണ്ടർ 14 ആൺ) തേവക്കൽ വിദ്യോദയയുടെ വി.സാത്വിക് (19.8 മീറ്റർ), 300 മീറ്റർ (അണ്ടർ 16 ആൺ) കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ കെ.എസ്.റോഷിൻ (39.5 സെക്കൻഡ്), 80 മീറ്റർ ഹർഡിൽസ് (അണ്ടർ 16 ആൺ) വെങ്ങോല ശാലോം സ്കൂളിന്റെ വി.ആർ. ജുവൽ കൃഷ്ണ (12 സെക്കൻഡ്), 5000 മീറ്റർ (അണ്ടർ 20 പെൺ) എം.എ അക്കാദമിയിലെ ആൻസ് മരിയ തോമസ് (21.16.9 മിനിറ്റ്).