ജയിൽ അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ച് അടിയന്തരാവസ്ഥ കാലത്തെ തടവുകാർ
text_fieldsഅടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 47ാം വാർഷികത്തോടനുബന്ധിച്ച് തമ്പാൻ തോമസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ജയിൽ പക്ഷികളുടെ സംഗമം
മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ.എൻ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ജയിൽ മർദനങ്ങളെക്കുറിച്ചുള്ള ഓർമകളും സമകാലിക ഇന്ത്യനേരിടുന്ന ജനാധിപത്യ ധ്വംസനങ്ങളിലെ ആശങ്കകളും പങ്കുവെച്ച് അടിയന്തരാവസ്ഥ തടവുകാരുടെ ഒത്തുകൂടൽ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 47ാം വാർഷികത്തോടനുബന്ധിച്ച് തമ്പാൻ തോമസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ജയിൽപക്ഷികളുടെ സംഗമം എന്ന പേരിലുള്ള പരിപാടിയിൽ കേരളത്തിലെ വിവിധ ജയിലുകളിൽ അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപ്പെട്ടവർ പങ്കെടുത്തു. മുൻ എം.എൽ.എ എം.കെ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥ കഴിഞ്ഞുപോയെങ്കിലും ജനാധിപത്യവും സാമൂഹിക നീതിയും നിലനിർത്തുന്നതിനുള്ള പോരാട്ടം നിരന്തരമാണെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ.എൻ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് രാജ്യത്ത് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ യു.പിയിലെ യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവിലെ സാമ്പത്തിക ക്രയവിക്രയങ്ങൾ ആപത്ത് വരുത്തിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാതീയമായ ഭരണകൂടത്തിലൂടെ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ സോഷ്യലിസ്റ്റ് നേതാവ് തമ്പാൻ തോമസ് പറഞ്ഞു. ഭീകരമായ സംഭവങ്ങളെ അടിയന്തരാവസ്ഥ കാലത്ത് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് പരിപാടിയിൽ സംസാരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു പറഞ്ഞു.
പ്രഭാകരനെന്ന ഒരാളെ ക്രൂരമായി മർദിച്ച് ജയിലിലെത്തിച്ചത് നേരിട്ട് കണ്ടതായിരുന്നു അതിലൊന്ന്. പൊലീസ് അദ്ദേഹത്തിന്‍റെ ശരീരത്തിൽ ഉരുട്ടി ആക്രമിച്ചതിലൂടെ കാലിലെ അസ്ഥി പുറത്തുവന്നിരുന്നു. പൊലീസ് അതിക്രമത്തിലൂടെ മലമൂത്രവിസർജനം നടന്നുകൊണ്ടേയിരിക്കുന്ന സ്ഥിതിയിലെത്തിയ മറ്റൊരാളെ ജയിലിൽ പരിചരിക്കേണ്ടി വന്ന കാര്യവും അദ്ദേഹം ഓർത്തെടുത്തു. ക്രൂരമായ മർദനങ്ങളാണ് അടിയന്തരാവസ്ഥ കാലത്ത് സഹിക്കേണ്ടി വന്നതെന്ന് കമ്യൂണിസ്റ്റ് നേതാവ് കെ.എ. അലിഅക്ബർ പറഞ്ഞു. 13 ദിവസത്തോളം കലാഭവനിലെ ആബേലച്ചൻ താമസിക്കാൻ ഇടമൊരുക്കിയതും തുടർന്ന് പുറത്തിറങ്ങിയപ്പോൾ കോട്ടപ്പുറത്തുവെച്ച് പൊലീസുകാർ അറസ്റ്റ് ചെയ്തുകൊണ്ടുപോയതുമൊക്കെ അദ്ദേഹം ഓർമിച്ചു. തിരുവമ്പാടിയിൽ വെച്ച് പ്രകടനം നടത്തുന്നതിനിടെ അറസ്റ്റിലായ സംഭവം എബ്രഹാം മാനുവേൽ ഓർമിച്ച് പറഞ്ഞു. താൻ ജയിലിൽ കിടക്കുമ്പോഴാണ് കോടിയേരിയെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും ജയിലിലേക്ക് കൊണ്ടുവരുന്നത്. പിണറായി വിജയനെ എടുത്തുകൊണ്ടാണ് വന്നതെന്നും ദയനീയ രംഗം മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്നത് ബുൾഡോസർ അടിയന്തരാവസ്ഥയാണെന്ന് സി.കെ. ദാമോദരൻ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്‍റ് എൻ. പത്മനാഭൻ, സെക്രട്ടറി ടോമി മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

