വിദ്യാർഥികൾക്കുമുണ്ട് പറയാനേറെ
text_fieldsതദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിൽ സംസാരിക്കുന്ന സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥികൾ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നാടെങ്ങും രാഷ്ട്രീയ ചർച്ചകളുടെ ചൂടിലാണ്. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ് തെരേസാസ് കോളജിലെ വരാന്തകളിലും ക്ലാസ് മുറികളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയം പാഠപുസ്തകങ്ങൾ മാത്രമല്ല. നാടിന്റെ ഭാവിയെക്കുറിച്ച കൃത്യമായ രാഷ്ട്രീയ ബോധമാണ് ഇവിടെ അലയടിക്കുന്നത്. കോളജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം അവസാന വർഷ വിദ്യാർഥികൾ തങ്ങളുടെ സമ്മതിദാന അവകാശത്തെക്കുറിച്ചും സ്ഥാനാർഥികളെക്കുറിച്ചും മനസുതുറക്കുമ്പോൾ അത് പുതിയ കാലത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാകുന്നു.
സ്ഥാനാർഥികളെ കണ്ണടച്ച് വിശ്വസിക്കാൻ ഈ കാമ്പസ് തയ്യാറല്ല. വോട്ടിങ്ങിനെ ഒരു ജോലിക്കുള്ള ഇന്റർവ്യൂവിന് സമാനമായാണ് വിദ്യാർഥിയായ ഷെറിൽ സൂസൻ എബ്രഹാം ഉപമിക്കുന്നത്. ‘‘ഒരു ജോലിക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സമാനമായി ജനവിധി തേടുന്ന സ്ഥാനാർഥികളോടും നിരവധി ചോദ്യങ്ങളുണ്ട്. സ്ഥാനാർഥിയുടെ യോഗ്യത, മുൻപരിചയം, ക്രിമിനൽ പശ്ചാത്തലം എന്നിവയെല്ലാം താരതമ്യം ചെയ്ത് മാത്രമേ വോട്ട് ചെയ്യൂ’’ ഷെറിൽ പറഞ്ഞു. കൊച്ചി കോർപറേഷനിൽ ആര് ജയിക്കും എന്നതിലുപരി, വ്യക്തികളെയും അവരുടെ പ്രവർത്തനങ്ങളെയും വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് ചെയ്യുകയെന്നും ആദ്യമായി വോട്ട് ചെയ്യുന്ന ഷെറിൽ പറയുന്നു.
വാഗ്ദാന പെരുമഴക്കാലമാണ് ഓരോ തെരഞ്ഞെടുപ്പും. എന്നാൽ വാഗ്ദാനങ്ങൾ വെറും വാക്കുകളല്ലെന്നും അത് നടപ്പിലാക്കാനുള്ള പരിശ്രമമാണ് പ്രധാനമെന്നും മറ്റൊരു കന്നിവോട്ടറായ ശ്രേയ കിഷോർ അഭിപ്രായപ്പെടുന്നു. അതേസമയം, ജയിച്ചു വന്നവർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയതിന്റെ സന്തോഷം പങ്കുവെക്കാനുണ്ട് ശ്രീനിധി രവിചന്ദറിനും അഭിയ മറിയമിനും. തങ്ങളുടെ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ പ്രവർത്തനം ഒരു വോട്ടർ എന്ന നിലയിൽ ഇരുവർക്കും സംതൃപ്തി നൽകുന്നു.
സ്ത്രീ ശാക്തീകരണത്തിന് സ്ത്രീകൾ തന്നെ ജയിക്കണമെന്ന നിർബന്ധബുദ്ധിയൊന്നും ഇവർക്കില്ല. മികച്ച കാഴ്ചപ്പാടുള്ള പുരുഷന്മാർക്കും സ്ത്രീപക്ഷ വികസനം സാധ്യമാകുമെന്ന് ഭവ്യ രാജേഷ് ചൂണ്ടിക്കാട്ടുന്നു. യുവാക്കളുടെയും മുതിർന്നവരുടെയും ഒരു സംയുക്ത പരിശ്രമമാണ് നാടിന് വേണ്ടതെന്ന് പറയുമ്പോൾ തന്നെ യുവ തലമുറ കൂടുതൽ ഊർജ്ജസ്വലരാണെന്ന അഭിപ്രായവും ഭവ്യക്കുണ്ട്. ‘‘പ്രായമുള്ളവർ പരിചയസമ്പന്നരാണെങ്കിലും പലപ്പോഴും അധികാരസ്വഭാവം കാണിക്കാറുണ്ട്. എന്നാൽ യുവനേതാക്കൾ കൂടുതൽ ഊർജ്ജസ്വലരാണ്. അവർ സമൂഹത്തിനായി കാര്യങ്ങൾ ചെയ്ത് കാണിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നു.’’ ഭവ്യ പറയുന്നു.
വോട്ട് ചെയ്യാതിരിക്കുന്നതിനെ കടുത്ത ഭാഷയിലാണ് വിദ്യാർഥികൾ വിമർശിക്കുന്നത്. അത് സ്വന്തം അവകാശത്തെ വേണ്ടെന്നു വെക്കലാണ്. ‘‘ഒരാളുടെ വോട്ടിലൂടെ മാറ്റങ്ങളുണ്ടാകും. വോട്ട് ചെയ്യാതിരിക്കുന്നവർ ഓർക്കുക, ഇത് നിങ്ങളുടെ ഭാവി തലമുറയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അവസരം കൂടിയാണ്’’. ഇവർ ഓർമ്മിപ്പിക്കുന്നു. വോട്ട് ചെയ്യുക എന്നത് ഒരു കടമയായി കണ്ട് നിറവേറ്റണമെന്നാണ് സാനിയ ഇസ്മയിലും അഭിയ മറിയവും അടങ്ങുന്ന വിദ്യാർഥി സംഘത്തിന്റെ പക്ഷം. ഏത് വേദിയിലും രാഷ്ട്രീയം ചർച്ചയാകുന്നത് സ്വാഭാവികമാണ്. അതൊരിക്കലും ഒഴിവാക്കേണ്ട ഒന്നല്ല, മറിച്ച് ജനാധിപത്യത്തിന്റെ ജീവവായുവാണെന്നും ഇവർ പറഞ്ഞുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

