ഹാർബർ ടെർമിനസിൽ ചൂളംവിളി നിലച്ചിട്ട് എട്ടുവർഷം
text_fieldsമട്ടാഞ്ചേരി: കൊച്ചി ഹാർബർ ടെർമിനസിൽനിന്ന് അവസാന യാത്ര വണ്ടി ചൂളംവിളിച്ച് പാഞ്ഞിട്ട് ഇന്നേക്ക് എട്ടുവർഷം. 2018 ലാണ് മെമു ട്രെയിൻ ഇവിടെനിന്ന് ആരംഭിച്ചതും അന്നുതന്നെ നിലച്ചതും.
2004 ജൂലൈ 14ന് വെണ്ടുരുത്തി റെയിൽ പാലത്തിൽ കമാൽ എന്ന മണ്ണുമാന്തി കപ്പൽ ഇടിച്ചതോടെയാണ് ഇവിടെനിന്നുള്ള പാസഞ്ചർ തീവണ്ടികളുടെ സർവിസുകൾ ആദ്യം നിലച്ചത്. 2011ൽ വല്ലാർപാടം ടെർമിനൽ തുടങ്ങിയതോടെ 2013ൽ ചരക്ക് തീവണ്ടി സർവിസ് നിർത്തലാക്സ്യിരുന്നു. ഇതോടെ റെയിൽവേ സ്റ്റേഷൻ മരണശയ്യയിലായി.
സ്റ്റേഷൻ കാടുകയറിയും ഇഴജന്തു, നാൽക്കാലി, സാമൂഹികവിരുദ്ധ വിഹരകേന്ദ്രമായി മാറി. കൊച്ചി തുറമുഖനഗരിയിലെ ഹാർബർ ടെർമിനസ് കേരളത്തിലെ ആദ്യകാല പ്രധാന ചരക്ക് തീവണ്ടി സ്റ്റേഷനുകളിലൊന്നായിരുന്നു. കൊച്ചി തുറമുഖത്തേക്ക് കരമാർഗം ചരക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നത് ഈ ടെർമിനൽ സ്റ്റേഷനായിരുന്നു.
തീവണ്ടി സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ മെമു സർവിസ് ആരംഭിക്കാൻ തീരുമാനമായി. ലക്ഷങ്ങൾ ചെലവഴിച്ച് പാളങ്ങളുടേതടക്കം അറ്റകുറ്റപ്പണികൾ നടത്തി സിഗ്നൽ സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു. 2018 സെപ്റ്റംമ്പർ 26ന് ടെർമിനലിലേക്ക് മെമു കൂകിപ്പാഞ്ഞെത്തി. തീവണ്ടിയെ സ്വീകരിക്കാൻ നാട്ടുകാരുടെ തിരക്കായിരുന്നു. സ്റ്റേഷനു വെളിയിൽ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ജനം ആഘോഷിച്ചു. എന്നാൽ, ജനങ്ങളുടെ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ടെർമിനലിൽനിന്ന് മടങ്ങിയ മെമു പിന്നീട് തിരിച്ചുവന്നില്ല.
ജനപ്രതിനിധികൾ ട്രെയിൻ സർവിസ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചില്ല. പിന്നീട് ഇവൻറ് മാനേജ്മെൻറ് പാർട്ടികൾക്കും സിനിമ ചിത്രീകരണങ്ങൾക്കും സ്റ്റേഷൻ നൽകിത്തുടങ്ങി. ഇതിനിടയിൽ 2022ലും 2025ലും ആഡംബര വിനോദ സഞ്ചാര തീവണ്ടി ഗോൾഡൺ ചാരിയറ്റ് സ്റ്റേഷനിൽ സഞ്ചാരികളുമായി എത്തി. 1932ൽ നിർമാണം ആരംഭിച്ച ഹാർബർ ടെർമിനസിൽനിന്ന് 1943ൽ കൊച്ചി-ഷൊർണൂർ പാസഞ്ചർ തീവണ്ടിയാണ് ആദ്യ സർവിസ് നടത്തിയത്. 1944 മുതൽ ദീർഘദൂര തീവണ്ടികൾ തുടങ്ങി. ഡൽഹി, കൊൽക്കൊത്ത, മുംബൈ, ചൈന്നേ, അസം എന്നിവിടങ്ങിലേക്കടക്കം 17 യാത്രാതീവണ്ടികൾ സർവിസ് നടത്തിയിരുന്നു. രണ്ടു പ്ലാറ്റ്ഫോമും അഞ്ച് ട്രാക്കുമുള്ള ഹാർബർ ടെർമിനസ് റെയിൽവേയുടെ എൻ.എസ്.ജി -6 കാറ്റഗറിയിലുള്ളതാണ്. സ്റ്റേഷനിൽ നിലവിൽ ഒരു ടിക്കറ്റ് ബുക്കിങ്ങ് സ്റ്റാഫ് മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

