ഇ.ഇ.സി; മാർക്കറ്റ് കമ്പനി വന്നിട്ടും പഴയപടി തന്നെ
text_fieldsമൂവാറ്റുപുഴ: വിപുലീകരണം ലക്ഷ്യംവെച്ച് പുതിയ കമ്പനിക്കു കീഴിൽ കൊണ്ടുവന്നിട്ടും ഇ.ഇ.സി മാർക്കറ്റ് പഴയ പടി തന്നെ. മൂന്നു പതിറ്റാണ്ട് മുമ്പ് കർഷകരുടെ ഉന്നമനത്തിനായി കൊണ്ടു വന്ന മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റിന്റെ പ്രവർത്തനമാണ് മാറ്റം ഇല്ലാതെ തുടരുന്നത്.
കർഷകർക്ക് അടക്കം ആർക്കും പ്രയോജനമില്ലാതെ വെള്ളാനയായി മാറിയ മാർക്കറ്റിനെ കരകയറ്റാൻ അഗ്രോ ബിസിനസ് കമ്പനിയുടെ കീഴിലാക്കിയിരുന്നു. മാർക്കറ്റിന്റെ ആറ് ഏക്കർ ഭൂമിയും കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളും രണ്ട് വർഷം മുമ്പാണ് ആഗ്രോ ബിസിനസ് കമ്പനിയായ കാബ്കോയുടെ ഉടമസ്ഥതിയിലേക്കു മാറ്റിയത്.
ഇതോടെ കർഷകർക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പിന്നീടും മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. കാബ്കോ സാങ്കേതിക കുരുക്കിൽപെട്ടതോടെ ഇ.ഇ.സി മാർക്കറ്റിന്റെ വികസനവും മുരടിക്കുകയും ചെയ്തു. കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനക്കും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് കാബ്കോ രൂപവത്കരിച്ചത്.
എന്നാൽ ഇപ്പോൾ മാർക്കറ്റിന്റെ പ്രവർത്തനം ആകെ താളം തെറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥർ മാർക്കറ്റിലേക്ക് എത്തുന്നു പോലുമില്ല. കെട്ടിടങ്ങൾ നാശത്തിന്റെ വക്കിലുമാണ്. മൂവാറ്റുപുഴയിലെ മാർക്കറ്റിന് പുറമെ സംസ്ഥാനത്തെ മറ്റ് അഞ്ചു ഇ.ഇ.സി മാർക്കറ്റുകളും കാബ്കോയുടെ കീഴിലേക്ക് മാറിയിരുന്നു. കാർഷികമേഖലയുടെ ഉന്നമനത്തിനായി 1995ൽ സ്ഥാപിച്ചതാണ് കാർഷിക മാർക്കറ്റ്. ആഴ്ചയിലൊരിക്കൽ നടക്കുന്ന സ്വതന്ത്ര കാർഷിക വിപണിയുടെ പ്രവർത്തനങ്ങൾ ഒഴിച്ച് നിർത്തിയാൽ മറ്റൊന്നും കാര്യമായി നടക്കുന്നില്ല. ചൊവ്വാഴ്ചതോറും നടക്കുന്ന വിപണിയിൽ കുറച്ച കർഷകർ മാത്രമാണ് ഉൽപന്നങ്ങളുമായി എത്തുന്നത്. ഉൽപന്നങ്ങൾ വാങ്ങാൻ വ്യാപാരികൾ എത്താത്തതിനാൽ അർഹമായ വില ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
30 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ വെയർഹൗസ് കെട്ടിടം വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇ.ഇ.സി മാർക്കറ്റിൽ ഒട്ടേറെ കെട്ടിടങ്ങൾ ഉപയോഗിക്കാനാകാതെ കിടക്കുമ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ചു വെയർഹൗസ് കെട്ടിടം നിർമിച്ചത്. കോടികൾ ചെലവഴിച്ചു സ്ഥാപിച്ച മാർക്കറ്റിലെ കൂറ്റൻ ശീതീകരണ സംവിധാനങ്ങൾ ആർക്കും പ്രയോജനപ്പെടാതെ നശിക്കുകയാണ്. അഞ്ചു കൂറ്റൻ ശീതീകരണ സംവിധാനങ്ങളിൽ ഒന്നു പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കർഷകരുടെ ഉൽപന്നങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനായിരുന്നു ശീതീകരണ സംവിധാനം ഒരുക്കിയത്. സ്മാർട് മാർക്കറ്റ് ആക്കാനുള്ള പദ്ധതിയും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

