കുടിവെള്ള ക്ഷാമം; ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു
text_fieldsകുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി നടന്ന ഉദ്യോഗസ്ഥരുടെയും,
ജനപ്രതിനിധികളുടെയും യോഗം
മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി കെ.ജെ. മാക്സി എം.എല്‍.എയുടെ നേതൃത്വത്തില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. തോപ്പുംപടിയില്‍ ചേര്‍ന്ന യോഗത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനിച്ചു. മുവാറ്റുപുഴ ആറില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മരട് ജല ശുദ്ധീകരണ ശാലയില്‍നിന്ന് കൊച്ചിയിലേക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ അളവില്‍ കുറവ് വന്നതാണ് ഏതാനും ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് കാരണമായതെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കരുവേലിപ്പടിയിലേക്ക് ലഭിക്കേണ്ടത് 27 എം.എല്‍.ഡി വെള്ളമാണ്. ഇതില്‍ കുറവുണ്ടായി. ചെല്ലാനത്തേക്ക് ലഭിക്കേണ്ടത് 13 എം.എല്‍.ഡി വെള്ളമാണ്. ഇതില്‍ പത്തില്‍ താഴെയാണ് ലഭിച്ചിരുന്നത്. ഇതിനെല്ലാം പരിഹാരമായതായും ഉടന്‍ സാധാരണ രീതിയില്‍ വെള്ളം ലഭിച്ച് തുടങ്ങുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പമ്പിങ് സമയത്ത് ചില ഭാഗങ്ങളില്‍ വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൗണ്‍സിലര്‍മാര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികള്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കണമെന്നും കെ.ജെ. മാക്സി എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ അത് യഥാസമയം ജനപ്രതിനിധികളെ അറിയിക്കണമെന്നും ജനപ്രതിനിധികള്‍ സൂചിപ്പിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളം സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ എല്ലാമാസവും യോഗം ചേരുമെന്നും എം.എല്‍.എ വ്യക്തമാക്കി. യോഗത്തില്‍ ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എച്ച്. ഹാഷിബ്, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. മായ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിന്‍, കൗണ്‍സിലര്‍മാരായ പി.ജെ. ദാസന്‍, നിഷ ജോസഫ്, ലെവിത നെല്‍സന്‍, ജോസഫ് ഫെര്‍ണാണ്ടസ്, സുമീത് ജോസഫ്, ബാസ്റ്റ്യന്‍ ബാബു, അശ്വതി ഗിരീഷ്, പ്രവിത വിജയകുമാര്‍, ലിസി സുമി, ആര്‍.ഹേമ, സുഹാന സുബൈര്‍, കെ.ജെ. പ്രകാശന്‍, റഹീന റഫീക്ക് എന്നിവരും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

