വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങരുത് ‘പണി കിട്ടും’ ; തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർധിക്കുന്നു
text_fieldsകൊച്ചി: എവിടെ വേണമെങ്കിലും ജോലി, അതിപ്പോൾ സർക്കാർ സർവിസെന്നോ സ്വകാര്യമേഖലയെന്നോ വിദേശ രാജ്യങ്ങളിലെന്നോ വ്യത്യാസമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളൊക്കെ നൽകി, യുവജനങ്ങളുടെ തൊഴിലില്ലായ്മയും തൊഴിൽമേഖലയിലെ അസ്ഥിരതയും ചൂഷണം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തെ തട്ടിപ്പുകളിൽ വലിയൊരു ഭാഗവും നടക്കുന്നത്. വിദേശ തൊഴിൽ തട്ടിപ്പുകളാണ് ഇതിലേറെയും. സമീപ വർഷങ്ങളിൽ വർധിച്ച വിദേശ കുടിയേറ്റത്തിന്റെ ചുവടുപിടിച്ചാണ് തട്ടിപ്പുകാരും വിലസുന്നത്.
സർക്കാർ ജോലിവരെ വാഗ്ദാനം
സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്തും തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് അടക്കം സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ തൃക്കളത്തൂർ സ്വദേശി മൂവാറ്റുപുഴയിൽ പിടിയിലായിരുന്നു. മിൽമയിലടക്കം ജോലി വാഗ്ദാനം ചെയ്തിരുന്നു.
സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബ് വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് വ്യക്തമാക്കി സപ്ലൈകോ ജനറൽ മാനേജർ തന്നെ രംഗത്തെത്തി. സർക്കാർ സ്ഥാപനങ്ങൾ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നത്.
താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുമ്പ് മുഖ്യധാര പത്രങ്ങളിലും ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും അറിയിപ്പും പ്രസിദ്ധീകരിക്കാറുണ്ട്. സർക്കാർ ജോലികൾക്ക് കുറുക്കുവഴികളില്ലെന്ന വാസ്തവം ജനം തിരിച്ചറിയണം. പി.എസ്.സി, എംപ്ലോയ്മന്റെ് എക്സ്ചേഞ്ച് എന്നിങ്ങനെ ഔദ്യോഗിക സംവിധാനങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
‘വീഴ്ത്താൻ’ വിദേശജോലി
വിദേശജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നുമായി അഞ്ച് കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ കൊച്ചി കേന്ദ്രീകരിച്ചുപ്രവർത്തിച്ചിരുന്ന കൺസൾട്ടൻസിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തുടരന്വേഷണം വേണമെന്ന് ഹൈകോടതി നിർദേശിച്ചിരിക്കുകയാണ്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും ജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.
കോലഞ്ചേരി കടമറ്റത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പുത്തൻകുരിശ് പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളവും സുരക്ഷിത ജോലിയും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. വിദേശത്തെ മാനുഫാക്ചറിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. പ്രതികൾ കുടുങ്ങുമ്പോഴാണ് പലരും പൊലീസിനെ സമീപിക്കുന്നത്. ചതിക്കുഴിയിൽ വീഴാതിരിക്കാൻ emigrate.gov.inൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജൻസികളെ മാത്രം വിശ്വാസത്തിലെടുക്കുക.
പലതരം തട്ടിപ്പുകൾ
വിസ വാഗ്ദാനം ചെയ്ത് വ്യാജ കരാറുകൾ തയാറാക്കി പണം വാങ്ങുകയും പിന്നീട് മുങ്ങുകയുമാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. മറ്റൊരാളുടെ ആധാർകാർഡും വിലാസവും ഉപയോഗിച്ച് ആൾമാറാട്ടം വരെ നടത്തി തട്ടിപ്പുകൾ അരങ്ങേറുകയാണ്. തൊഴിലന്വേഷിച്ചെത്തിയവരുടെ അക്കൗണ്ട് നമ്പർ വാങ്ങി അതിലൂടെ തട്ടിപ്പ് ഇടപാട് നടത്തിയവരുമുണ്ട്.
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ വരെ ജില്ലയിലെത്തി ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയ സംഭവവുമുണ്ട്. തട്ടിപ്പുകാരുടെ മറ്റൊരു വിഹാര കേന്ദ്രം സമൂഹമാധ്യമങ്ങളാണ്. ഫേസ്ബുക്ക് ലിങ്ക് വഴി പരസ്യം നൽകി വിദേശ ജോലി വാഗ്ദാനം ചെയ്ത യുവതി കണ്ണമാലി പൊലീസിന്റെ പിടിയിലായിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് ഇവർക്കെതിരെ ഉയർന്ന പരാതി. സമൂഹമാധ്യമ ലിങ്കുകൾ വഴിയും മറ്റും പ്രചരിക്കുന്ന ഇത്തരം വാഗ്ദാനങ്ങൾ ആധികാരികത ഉറപ്പിക്കാതെ വിശ്വസിക്കരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

