ജില്ലയിൽ മഴ കനക്കുന്നു; വെള്ളക്കെട്ടും ഗതാഗതതടസ്സവും ഭീഷണി
text_fieldsമലയാറ്റൂർ കണ്ണിമംഗലത്തുനിന്ന് കടുകുളങ്ങരക്ക് പോകുന്ന ഭാഗത്ത് മരം മറിഞ്ഞ് വൈദ്യുതി ലൈനിൽ വീണപ്പോൾ
കൊച്ചി: ജില്ലയിൽ കാലവർഷം ശക്തമാകുന്നു. കനത്ത മഴയിൽ ജില്ലയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേര്യമംഗലത്തിന് സമീപം ചീയപ്പാറയിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണു. ഈ സമയം ഇതിലേ കടന്നുപോയ വാഹന യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഗതാഗതം ഏറെനേരം തടസ്സപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ കനത്ത മഴയായിരുന്നു. പിന്നീട് മാനം തെളിഞ്ഞെങ്കിലും വൈകുന്നേരത്തോടെ മഴ വീണ്ടും കനത്തു. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പ്രധാന റോഡുകളിൽ വെള്ളംകെട്ടിയത് ഗതാഗതത്തെയും ബാധിച്ചു.കൊച്ചി നഗരത്തിൽ രാവിലെയും വൈകുന്നേരവും പെയ്ത മഴ വാഹന യാത്രക്കാരെയടക്കം വലച്ചു. മെട്രോ നിർമാണം നടക്കുന്ന പ്രദേശങ്ങളിലടക്കം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം മണ്ണിടിഞ്ഞപ്പോൾ
വരാപ്പുഴ മുതൽ മൂത്തകുന്നം വരെ വെള്ളക്കെട്ട്
പറവൂർ: രണ്ട് ദിവസമായി തുടരുന്ന ഇടവിട്ട മഴ ദേശീയപാത നിർമാണം നടക്കുന്ന വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള പാതയിൽ വെള്ളക്കെട്ടിനും ചളി അടിഞ്ഞുകൂടുന്നതിനും കാരണമായി. ഈ മേഖലയിലെ റോഡുകളുടെ സ്ഥിതി കുണ്ടുംകുഴിയും നിറഞ്ഞതോടെ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം നിറഞ്ഞുനിൽക്കുന്നത് വാഹന യാത്രകൾ ദുഷ്കരമാക്കി. പലയിടങ്ങളിലും ചളി നിറഞ്ഞതും യാത്രക്കാരെ വലക്കുകയാണ്.
കടലോര മേഖലകളിൽ കടലാക്രമണം
വൈപ്പിൻ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വൈപ്പിൻകരയിലെ വെളിയത്താംപറമ്പ്, അണിയൽ ബീച്ച്, ചെറായി ബീച്ച്, മുനമ്പം കടപ്പുറം കടലോര മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കടൽഭിത്തി കടന്നുവരുന്ന കടൽജലം റോഡുകളിലേക്കൊഴുകുന്നുമുണ്ട്. രണ്ടാഴ്ച മുമ്പേ അടച്ച ചെറായി ബീച്ചിലേക്കുള്ള പ്രവേശനം ഇപ്പോൾ ഭാഗികമായേ തുറന്നിട്ടുള്ളൂ. ബീച്ചിലെ നടപ്പാതയോളം തിരയെടുത്ത് തീരം കവർന്ന നിലയിലാണിപ്പോഴും.
മരം മറിഞ്ഞ് വൈദ്യുതി ലൈനിൽ വീണു
കാലടി: മഴയിലും കാറ്റിലും മലയാറ്റൂർ ഭാഗത്ത് നാശം. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മരം മറിഞ്ഞ് വൈദ്യുതി ലൈനിൽ വീണു. മലയാറ്റൂർ കണ്ണിമംഗലത്തുനിന്ന് കടുകുളങ്ങരയ്ക്ക് പോകുന്ന ഭാഗത്താണ് അപകടം. ഈ ഭാഗത്തുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
കൊച്ചി-ധനുഷ്കോടി പാതയിൽ മണ്ണിടിഞ്ഞു
നേര്യമംഗലം: ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീണ് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപമാണ് വൻതോതിൽ മണ്ണിടിഞ്ഞ് വീണത്. മണ്ണിനൊപ്പം മരംകൂടി ദേശീയപാതയിൽ പതിച്ചു. ഈ പാതയിൽ ഏറ്റവും വീതികുറഞ്ഞ ഭാഗമാണ് ഇവിടം. റോഡിന് ഒരുവശത്ത് വലിയ മലയും മറുവശത്ത് അഗാധഗർത്തവുമുള്ള ദുർഘടം പിടിച്ച ഭാഗമാണിത്. മണ്ണും മരവും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നീക്കിയത്. പൊലീസ്, ഫയർ ഫോഴ്സ്, ഹൈവേ ജാഗ്രത സമിതി എന്നി വരുടെ നേതൃത്വത്തിലാണ് ഗതാഗതതടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
മൂന്ന് ദിവസം ഓറഞ്ച് അലർട്ട്
വരുംദിവസങ്ങളിൽ മഴ കനക്കുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ കേന്ദ്രവും നൽകുന്നത്. വ്യാഴാഴ്ച രാവിലെതന്നെ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വൈകുന്നേരത്തോടെ അടുത്ത മൂന്ന് ദിവസത്തേക്ക് മുന്നറിയിപ്പ് തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

