മാനംമുട്ടെ സന്തോഷം, മനംനിറഞ്ഞ് യാത്ര
text_fieldsപത്തനംതിട്ട പ്രകാശധാരാ സ്കൂളിലെ കുട്ടികൾ കൊച്ചി വാട്ടർ മെട്രോയിൽ കയറാൻ എത്തിയപ്പോൾ
കൊച്ചി: പ്രകാശധാരയിലെ കുഞ്ഞുങ്ങളുടെ മുഖത്ത് നിറപുഞ്ചിരിയുടെ തിളക്കമായിരുന്നു ഇന്നലെ. ആകാശക്കാഴ്ചകളിലേക്ക് പറന്നുയർന്നും മെട്രോ വേഗത്തിൽ നഗരം കണ്ടും മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചും അവർ ഒരുദിനം ആഘോഷമാക്കുമ്പോൾ മനംനിറഞ്ഞ് മാതാപിതാക്കളും അധ്യാപകരും സന്തോഷത്തോടെ ചേർന്നുനിന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട പ്രകാശധാരാ സ്കൂളിലെ 35 വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായും വൈദികരും ഉൾപ്പെടെ 75 പേരാണ് കൊച്ചിയിലെത്തിയത്.
പത്തനംതിട്ടയിൽ നിന്നും റോഡ്മാർഗം തിരുവനന്തപുരത്തെത്തി അവിടെ നിന്ന് വിമാനത്തിലാണ് സംഘം യാത്ര പുറപ്പെട്ടത്. ഇൻഡിഗോയുടെ ഒരു വിമാനം ഈ യാത്രക്ക് വേണ്ടി മാത്രം ക്രമീകരിച്ചു.
പത്തനംതിട്ട സ്വദേശികൂടിയായ പൈലറ്റ് ആനന്ദ് മോഹൻരാജ് കുട്ടികളുടെ സ്ഥാപനമായ പ്രകാശധാരയുടെ മുകളിലൂടെയാണ് നമ്മൾ പറക്കുന്നതെന്ന് കൂടി അറിയിച്ചപ്പോൾ കുട്ടികൾ കൂടുതൽ സന്തോഷത്തിലായെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
ആകാശക്കാഴ്ചകൾ അവർക്ക് വിസ്മയം ഉണർത്തുന്നതായിരുന്നു. വിമാനത്താവളവും അവർ നേരിട്ട് കണ്ടു. തുടർന്ന് ആലുവയിലെത്തി കൊച്ചി മെട്രോയിൽ കയറി. നഗരത്തിന് മുകളിലൂടെ കൊച്ചിയെ കണ്ടുകൊണ്ടുള്ള മെട്രോ യാത്ര അവർ ഏറെ ആസ്വദിച്ചു. ഓരോ കാഴ്ചകളും അവർക്ക് പുതിയ അനുഭവങ്ങളായിരുന്നു.
എല്ലാം വിശദീകരിച്ച് പറഞ്ഞുകൊടുത്ത് അധ്യാപകരും മാതാപിതാക്കളും ഒപ്പം നിന്നതോടെ അവർക്ക് സന്തോഷം ഇരട്ടിയായി. വൈറ്റില മെട്രോ സ്റ്റേഷനിലെത്തിയ ശേഷം പാലാരിവട്ടം ഓർത്തഡോക്സ് പള്ളിയിലേക്ക് പോയി.
അവിടെയായിരുന്നു ഉച്ചഭക്ഷണം സജ്ജീകരിച്ചിരുന്നത്. ഭക്ഷണത്തിന് ശേഷം ഹൈകോർട്ട് വാട്ടർമെട്രോ ടെർമിനിലിലെത്തി. അവിടെ നിന്നും നഗരക്കാഴ്ചകളും കൊച്ചി കായലും കണ്ട് വാട്ടർമെട്രോ യാത്രയും ആസ്വദിച്ചു.
യാത്ര എങ്ങനെയുണ്ടായിരുന്നെന്ന ചോദ്യത്തിന് ഒരുപാട് ഇഷ്ടമായെന്ന് എല്ലാവരും ഒരുമിച്ച് മറുപടി നൽകി. കുട്ടികളെ ഈ കാഴ്ചകൾ കാണിക്കാനായതിന്റെ സന്തോഷം പറഞ്ഞാൽ തീരില്ലെന്നാണ് മാതാപിതാക്കളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

