Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപാളം തെറ്റിയ ചൂളം...

പാളം തെറ്റിയ ചൂളം വിളി; ദുരിതക്കയത്തിൽ 2,125 ഭൂവുടമകൾ

text_fields
bookmark_border
പാളം തെറ്റിയ ചൂളം വിളി; ദുരിതക്കയത്തിൽ 2,125 ഭൂവുടമകൾ
cancel
camera_alt

പദ്ധതിക്കായി ദേശീയ പാതയോരത്ത് വൈദ്യുത തൂണിൽ സ്ഥാപിച്ച ബോർഡ്

അങ്കമാലി-ശബരി റെയിൽപാത പദ്ധതി അനിശ്ചിതത്വത്തിലായതോടെ ദുരിതത്തിലായത് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രണ്ടായിരത്തിലേറെ ഭൂവുടമകളാണ്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ അങ്കമാലിയിൽനിന്ന് കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷൻ വരെയുള്ള 72 കിലോമീറ്ററിലാണ് സർവേ നടത്തി കല്ലുകളിട്ടത്. ഇതോടെ ഈ ഭൂവുടമകളുടെ ദുരിതകാലം തുടങ്ങി. ഇവരുടെ ഭൂമിയും വീടും വിൽക്കാനോ, പണയം വെച്ച് വായ്പയെടുക്കാനോ കഴിയാത്ത സ്ഥിതി‍യായി. മക്കളുടെ വിദ്യാഭ്യാസം, ചികിത്സ, വിവാഹം അടക്കമുളള കാര്യങ്ങൾക്ക് ഭൂമി മൂലധനമാ‍യി കണ്ട പലരുടെയും ജീവിതം പ്രതിസന്ധിയിലായി.

പദ്ധതിക്കായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥലം വാങ്ങാൻ കച്ചവടക്കാരോ വായ്പ നൽകാൻ ബാങ്കുകളോ തയാറായില്ല. ദുരിതത്തിന് പരിഹാരം തേടി മാറിമാറി വന്ന സർക്കാറുകൾക്ക് മുന്നിൽ ജനങ്ങൾ നിവേദനവുമായെത്തി. പരിഹരിക്കാമെന്ന ഒറ്റവാക്കിൽ മറുപടി നൽകിയെങ്കിലും പരിഹാരം മാത്രമുണ്ടായില്ല. ഇതോടെ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ശബരി റെയിൽവേയുടെ പേരിൽ മൂന്നു ജില്ലകളിലായി 11 ആക്ഷൻ കൗൺസിലുകളും അവയുടെ അപ്പക്സ് കൗൺസിലുകളും രൂപംകൊണ്ടു. ഈ സംഘടനകളും പല രീതിയിൽ ഇടപടലുകൾ നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.

പദ്ധതിക്കാവശ്യമായ 305.71 ഹെക്ടറിൽ 24.40 ഹെക്ടർ മാത്രമേ ഇതുവരെ ഏറ്റെടുത്തിട്ടൂള്ളൂ. മറ്റിടങ്ങളിൽ സർവേ നടത്തിയ ഭൂമിയിൽ മൂകസാക്ഷിയായി സർവേകല്ലുകൾ മാത്രം. എന്നാൽ, കാലം കടന്നതോടെ ഇങ്ങനെ സ്ഥാപിച്ച സർവേ കല്ലുകൾ പലതും അപ്രത്യക്ഷമായി. ചിലത് സ്വയം നശിച്ചപ്പോൾ മറ്റു ചിലയിടങ്ങളിൽ മനംമടുത്ത ഭൂവുടമകൾ പറിച്ചുകളഞ്ഞു.

അനിശ്ചിതത്വങ്ങൾക്കിടെ പദ്ധതി മരവിപ്പിക്കുന്നു

പദ്ധതി പ്രഖ്യാപിച്ച് രണ്ടു പതിറ്റാണ്ട് പിന്നിടുന്ന വേളയിലും അനിശ്ചിതത്വം തുടർന്നു. 1997ൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ 550 കോടിയാണ് നിർമാണ ചെലവ് കണക്കാക്കിയത്. എന്നാൽ, പ്രവർത്തനം ഇഴഞ്ഞുനീങ്ങിയതോടെ ഓരോ വർഷവും ചെലവുകൾ കുതിച്ചുയർന്നു. 2017 ആയപ്പോഴേക്കും നിർമാണ ചെലവ് 2,817 കോടിയിലെത്തി. ഇതോടെ ചെലവ് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തമ്മിൽ തർക്കം ഉടലെടുത്തു.

പദ്ധതി ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നായി കേന്ദ്രം. നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കുമൊടുവിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ 2015ൽ പകുതി വഹിക്കാൻ പച്ചക്കൊടി കാണിച്ചു. ഇതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുമെന്ന പ്രതീക്ഷയുയർന്നു. ആശങ്കകളൊഴിയുമെന്ന് ഭൂ ഉടമകളും കരുതി. എന്നാൽ, 2016ൽ അധികാരത്തിലെത്തിയ ഇടത് സർക്കാർ പാതിചെലവ് വഹിക്കുമെന്ന മുൻ സർക്കാർ നിലപാട് പിൻവലിച്ചു. ഇതോടെ പാതയുടെ ഭാവി വീണ്ടും ഇരുളടഞ്ഞു.

അനിശ്ചിതത്വം തുടർന്നതോടെ 2019ൽ കേന്ദ്ര സർക്കാർ പദ്ധതി മരവിപ്പിച്ചു. സ്ഥലമേറ്റെടുപ്പിനായി തുറന്ന തഹസിൽദാർ ഓഫിസുകളും അടച്ചുപൂട്ടി. സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ തുടങ്ങിയത്. കിഫ്ബി വഴി പാതിചെലവ് വഹിക്കാമെന്ന് റെയിൽവേയെ അറിയിച്ചെങ്കിലും പുതിയ എസ്റ്റിമേറ്റ് വേണമെന്നായിരുന്നു നിർദേശം. ഇതോടൊപ്പം പദ്ധതി ഇരട്ടപ്പാതയാക്കണമെന്നും പാത പമ്പ വരെ നീട്ടണമെന്നും റെയിൽവേ ആവശ്യപ്പെട്ടു. ഈ നിർദേശം നടപ്പാക്കുന്നതോടെ ചെലവ് ഭീമമായി ഉയരുമെന്ന സ്ഥിതിയായി. ഇതിന്റെ പകുതി ചെലവ് വഹിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം സാധ്യവുമല്ലാതെവന്നു. ഇതോടെ വീണ്ടും തുടർ നടപടി അനിശ്ചിതത്വത്തിലായി.

കോതമംഗലത്ത് ഏറ്റെടുത്ത ഭൂമിയിൽ സ്ഥാപിച്ച സർവേകല്ല്

ഇഴയുന്നത് കിഴക്കൻ മേഖലയുടെ വികസന സ്വപ്നം

റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കാത്ത ഇടുക്കി ജില്ലയുടെയും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളായ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളുടെയും വികസന സ്വപ്നങ്ങളാണ് ഇഴയുന്നത്. ഇവിടങ്ങളിലായി നൂറുണക്കിന് ഭൂ ഉടമകളും പ്രതിസന്ധിയിലാണ്. പെരുമ്പാവൂരിൽ പട്ടാൽ ക്വാറി കല്ലുപാലം റോഡിലും ഓടക്കാലിക്ക് സമീപം ഏക്കുന്നം പുറച്ചിറ റോഡിന് സമീപവുമായി രണ്ടു സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്.

കോതമംഗലം ടൗണിൽനിന്ന് രണ്ടു കി.മീ മാറി വെണ്ടുവഴി ഇലവനാട് കനാൽ ഭാഗത്താണ് റെയിൽവേ സ്റ്റേഷന് കല്ലിട്ടത്. മൂവാറ്റുപുഴയിൽ കിഴക്കേകരയാണ് നിർദിഷ്ട സ്റ്റേഷൻ. മൂവാറ്റുപുഴ മണ്ഡലത്തിപ്പൈടുന്ന, പൈനാപ്പിൾ സിറ്റിയെന്ന് ഖ്യാതികേട്ട വാഴക്കുളത്തും സ്റ്റേഷനുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യസ്റ്റേഷനുവേണ്ടി കല്ലിട്ടത് തൊടുപുഴ-വെങ്ങല്ലൂർ-കോലാനി ബൈപാസിലാണ്. കരിങ്കുന്നം-നെല്ലാപ്പാറ ബൈപാസിന് സമീപമാണ് മറ്റൊരു സ്റ്റേഷൻ വിഭാവനം ചെയ്തത്. എന്നാൽ, മൂന്ന് പതിറ്റാണ്ടായി ഇതെല്ലാം ഫയലിലുറങ്ങുന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi newslandlordsdistresswhistleDerailment
News Summary - Derailed whistle blowing; 2,125 landowners in distress
Next Story