പടരുന്നു, ഡെങ്കിപ്പനി; പ്രതിരോധിക്കാം വീട്ടിൽതന്നെ
text_fieldsകൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങളാണ് പടരുന്നത്. മൂന്ന് ദിവസത്തിനിടെ മാത്രം 25 പേർക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്നവരുടെ എണ്ണം ഇതിലുമേറെ വരും.
മഴക്കാലമായതിനാലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നത്. ജൂലൈ ഒമ്പതിന് ജില്ലയിൽ നാലുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എടത്തല, മലയാറ്റൂർ, തമ്മനം, കുമ്പളങ്ങി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് രോഗികൾ. അന്ന് 27 പേർക്ക് രോഗം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.
ജൂലൈ എട്ടിന് 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറുപേർ കാലടി മേഖലയിലുള്ളവരാണ്. ചേരാനല്ലൂർ, എടത്തല, മണീട്, മഞ്ഞള്ളൂർ, മുളവുകാട്, പലിശ്ശേരി, പുത്തൻവേലിക്കര എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതേ ദിവസം 45 പേർക്കാണ് രോഗം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്.
ജൂലൈ ഏഴിന് എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലടി -രണ്ട്, കാക്കനാട് -രണ്ട്, വാളകം, രായമംഗലം, അങ്കമാലി, എടത്തല എന്നിവിടങ്ങളിൽനിന്നുള്ള രോഗികളാണ് ഇവർ.
ആറുപേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ ആറിന് മൂന്നുപേർക്ക് സ്ഥിരീകരിക്കുകയും 35 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. അഞ്ചിന് നാലുപേർക്ക് സ്ഥിരീകരിച്ചപ്പോൾ 27 പേർക്കാണ് സംശയിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
കാലടി, മലയിടംതുരുത്ത്, ചൂർണിക്കര, കീഴ്മാട് തുടങ്ങിയ മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

