ചൂർണിക്കരയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം
text_fieldsഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്ന ആക്രി ശേഖരണ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
ചൂർണിക്കര: പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമായി തുടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പനി പടരുകയാണ്. നിരവധിയാളുകളാണ് ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകളും പ്രതിരോധ നിർദേശങ്ങളും അവഗണിച്ച് നിയമലംഘനം തുടർന്നവർക്കെതിരെ നിയമനടപടി കർശനമാക്കി. ആരോഗ്യ വിഭാഗം അമ്പാട്ടുകാവിൽ പ്രവർത്തിക്കുന്ന ആക്രിക്കടക്കും അതിന്റെ ഉടമക്കുമെതിരെ നിയമ നടപടി സ്വീകരിച്ചു.
ചൂർണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ ഘോഷ് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ഒന്നിൽ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനം ഡെങ്കിപ്പനി വ്യാപനത്തിന്റെ പ്രധാന ഉറവിടമായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. ഷബ്ന ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിലെ നിർദേശങ്ങൾ പൂർണമായും അവഗണിച്ച് രോഗവ്യാപനത്തിന് കാരണമാകുന്ന രീതിയിൽ സ്ഥാപനം തുടർന്നു നടത്തിവന്നതിനാണ് സ്ഥാപനത്തിനും ഉടമക്കുമെതിരെ കേസെടുത്തത്. 2023 ലെ കേരള പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. പതിനായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. പഞ്ചായത്തിൽ ഡെങ്കിപ്പനി വർധിക്കാൻ പ്രധാന കാരണം മേൽക്കൂരയില്ലാത്ത അനധികൃത ആക്രിശേഖരണ കേന്ദ്രങ്ങളാണ്.
ഇത്തരം സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വ്യാപകമായി പെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും വരും ദിവസങ്ങളിലും പരിശോധനയും കർശന നിയമനടപടികളും തുടരുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയായ മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

