അനിവാര്യം, ഡെങ്കിപ്പനി പ്രതിരോധം
text_fieldsകൊച്ചി: പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ശക്തമായി തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയാണ് സമീപദിവസങ്ങളിലെ ഡെങ്കിപ്പനി ബാധിതരുടെ കണക്കുകൾ. കാലവർഷം ദുർബലമായപ്പോഴും നിരവധിയാളുകൾ അസുഖബാധിതരായി ആശുപത്രികളിലെത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രണ്ടാഴ്ചക്കിടെ 164 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നത്.
72 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഭൂരിഭാഗം ദിവസങ്ങളിലും 15ഓളം രോഗികൾ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്. ചിറ്റാറ്റുകര, ചൂർണിക്കര, ഇടക്കൊച്ചി, എടത്തല, ഗോതുരുത്ത്, മൂലംകുഴി, പിറവം എന്നിവിടങ്ങളിലാണ് കഴിഞ്ഞ 12ന് ഡെങ്കിപ്പനി ബാധിച്ച് ആളുകൾ ചികിത്സ തേടിയത്.
ഉറവിട നശീകരണം പ്രധാനം
ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിൽ ഉറവിട നശീകരണവും കൃത്യസമയത്ത് ചികിത്സ തേടുന്നതും പ്രധാനമാണ്. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വീടിനകത്തും പുറത്തും കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം നിരവധിയാണ്.
വീടിന് പുറത്തുള്ള ഉപയോഗശൂന്യമായി കിടക്കുന്ന പൊട്ടിയ പാത്രങ്ങൾ ചിരട്ട, മുട്ടത്തോട്, കരിക്കിൻതൊണ്ട്, ടയർ ഇവയൊക്കെ വെള്ളം കെട്ടിക്കിടക്കാൻ ഇടയുള്ള സാഹചര്യങ്ങളാണ്. കെട്ടിടങ്ങളുടെ ടെറസ്, സൺഷേഡ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് കൊതുക് പെരുകുന്നത് തടയാനുള്ള ഏറ്റവും മികച്ച പോംവഴി.
വീടിനകത്ത് അലങ്കാരചെടികൾ വളർത്തുന്ന കുപ്പികളിലെ വെള്ളം, ഫ്രിഡ്ജിന് പിറകിലെ ട്രേ ഇവയൊക്കെ കൊതുകിന്റെ ഉറവിടങ്ങളാണ്. നമ്മുടെ ശ്രദ്ധ എത്താത്ത ഇടങ്ങളിൽ വെള്ളം തങ്ങിനിന്ന് കൊതുക് പെരുകാനിടയുണ്ട്. അതുകൊണ്ട് വീടിനു പുറത്തും അകത്തും കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യവും കണ്ടെത്തി ഉറവിട നശീകരണം നടത്തുക.
പനിബാധിതരും നിരവധി
പനിബാധിതരുടെ എണ്ണവും കുറവല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 12ന് മാത്രം 421 പേർ ചികിത്സ തേടിയിരുന്നു. ഇതിൽ 16 പേരെ കിടത്തിച്ചികിത്സക്ക് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷീണം, തലവേദന, ശരീരവേദന, ചുമ, ജലദോഷം തുടങ്ങിയ ലക്ഷങ്ങളുമായാണ് ഭൂരിഭാഗം ആളുകളും ആശുപത്രികളിലെത്തുന്നത്. കൃത്യമായ മരുന്നും വിശ്രമവും രോഗികൾക്ക് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

